ക്രമസമാധാനനില തകര്‍ന്നു: യുപിയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളും പ്രതിപക്ഷവും
ലഖ്‌നോ: ക്രമസമാധാന നില തകര്‍ന്ന യുപിയില്‍ രാഷ്ട്രപതിഭരണം ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളും പ്രതിപക്ഷപാര്‍ട്ടികളും രംഗത്ത്. #president'sRuleInUP ആയിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ട്വിറ്ററില്‍ ട്രന്‍ഡിങ് ആയ ഹാഷ് ടാഗ്. ക്രമസമാധാനനില സംരക്ഷിക്കുന്നതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാണിക്കുന്നു. വികാസ് ദുബെയുടെ അടക്കം 'ഏറ്റുമുട്ടല്‍' കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷവും സാമൂഹികമാധ്യമങ്ങളും രാഷ്ട്രപതിഭരണം ആവശ്യപ്പെടുന്നത്.
കഴിഞ്ഞ മാസം കാന്‍പൂരില്‍ നിന്ന് സന്‍ജിത് യാദവ് എന്ന ലാബ് ടെക്‌നീഷ്യനെ തട്ടിക്കൊണ്ടുപോയിരുന്നു. അയാളെ വിട്ടയക്കാന്‍ തട്ടിക്കൊണ്ടുപോയവര്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അയാളെ കൊലപ്പെടുത്തി നദിയിലെറിഞ്ഞു. ഈ സംഭവം പുറത്തുവന്നതോടെയാണ് യോഗി സര്‍ക്കാരിനെതിരേയുള്ള പ്രചാരണം തുടങ്ങിയത്. വൈകീട്ടായതോടെ 6 വയസ്സുകാരിയെ മറ്റൊരു സംഘം തട്ടിക്കൊണ്ടുപോയി. അതോടെ രാഷ്ട്രപതി ഭരണമാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകള്‍ കൊണ്ട് സാമൂഹികമാധ്യമങ്ങള്‍ നിറഞ്ഞുകവിഞ്ഞു. സന്‍ജിത് യാദവിന്റെ മരണം ചൂണ്ടിക്കാട്ടി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും രാഷ്ട്രപതിഭരണമെന്ന ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്.
ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ക്രമസമാധാനപാലനം നടത്താനാവുന്നില്ലെന്നതിന്റെ തെളിവായാണ് വിമര്‍ശകര്‍ ഇക്കാര്യം ഉന്നയിക്കുന്നത്. വികാസ് ദുബെ കൊലപാതകം പോലിസും ഗുണ്ടകളും തമ്മിലുള്ള അവിശുദ്ധബന്ധത്തിന് തെളിവായി മറ്റുചിലര്‍രും ചൂണ്ടിക്കാട്ടുന്നു. വികാസ് ദുബെ 8 പോലിസുകാരെ കൊന്നശേഷമാണ് പോലിസ് പിടിയിലായത്. അന്നുതന്നെ കാണ്‍പൂരിലും 4 പേര്‍ കൊല്ലപ്പെട്ടു. അടുത്ത ദിവസം ഒരു മകളും പിതാവും കൊല്ലപ്പെട്ടു.
തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുന്ന നിരവധി കേസുകള്‍ സംസ്ഥാനത്ത് ഇതിനോടകം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തട്ടിക്കൊണ്ടുപോകുന്നവരെ പോലിസിന് തടയിടാന്‍ കഴിയാതായതോടെ ചെറുകിട കുറ്റവാളികളും ഇത് തൊഴിലായി സ്വീകരിക്കാന്‍ തുടങ്ങിയെന്ന് ആരോപണവും പല മാധ്യമങ്ങളും ഉയര്‍ത്തിയിട്ടുണ്ട്.
ഗുണ്ടകളെ അറസ്റ്റ് ചെയ്യാന്‍ പോകുന്ന പോലിസുകാരെ തല്ലിയോടിക്കുന്ന നിരവിധി കേസുകളും ഇതിനകം സംസ്ഥാനത്തുനിന്ന് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അലിഗറില്‍ നിന്നാണ് ഇത്തരം ഒരു റിപോര്‍ട്ട് അവസാനം വന്നത്. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ കഴിയാത്ത പോലിസെങ്ങനെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുമെന്നാണ് ഉയര്‍ന്നിട്ടുള്ള മറ്റൊരു ചോദ്യം.
കൈയ്യില്‍ കിട്ടുന്ന കുറ്റവാളികളെ വെടിവച്ചുകൊല്ലുന്ന പ്രവണതയും വര്‍ധിച്ചുകഴിഞ്ഞു. വികാസ് ദുബെയെ മാത്രമല്ല, അയാളുടെ കൂട്ടാളികളായ കുട്ടികളെ വരെ പോലിസ് വെടിവച്ചുകൊന്നു. കഴിഞ്ഞ ദിവസം പോലിസ് ഏറ്റുമുട്ടലെന്ന പേരില്‍ കൊലപ്പെടുത്തിയ കുട്ടിയ്ക്ക് 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
ഉത്തര്‍പ്രദേശ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ കുറ്റകൃത്യ തലസ്ഥാനമാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ പ്രകാരം, 2018 ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ യുപിയാണ് ഒന്നാം സ്ഥാനത്ത്,(59,445 കുറ്റകൃത്യങ്ങള്‍). ഇക്കാര്യത്തില്‍ 2017 നെ അപേക്ഷിച്ച് 7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ കൂട്ട ബലാത്സംഗങ്ങളും രണ്ടാമത്തെ ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങളും ഇവിടെത്തന്നെയാണ്. ബലാത്സംഗങ്ങള്‍ (4,323 കേസുകള്‍). സ്ത്രീധന മരണം, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയെല്ലാം 2017 നെ സംബന്ധിച്ചിടത്തോളം വര്‍ധിച്ചു. 2018 ല്‍ 131 വൃദ്ധര്‍ കൊല്ലപ്പെട്ടു, 2017 ല്‍ ഇത് 129 ആയിരുന്നു. കൊലപാതകങ്ങളിലും സംസ്ഥാനം മുന്നിലാണ്.
യുപിയില്‍ രാമരാജ്യം വാഗ്ദാനം ചെയ്തവര്‍ ഗുണ്ടാരാജ്യം കൊണ്ടുവന്നുവെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പ്രിയങ്കയും ഇതേ ആരോപണവുമായി രംഗത്തുവന്നിരുന്നു.