പരപ്പനങ്ങാടി: തീരദേശ മണ്ണില്‍ കടലിന്റെ മക്കളുടെ മനം കവര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിയാസ് പുളിക്കളകത്തിന്റെ പര്യടനം ആവേശഭരിതമായി. സ്ഥാനാര്‍ഥി എത്തുന്നതറിഞ്ഞ് കവലകളും ഗ്രാമവീഥികളും ആഘോഷ കേന്ദ്രങ്ങളായി മാറി. ഓരോ കേന്ദ്രത്തിലും ആറുപതിറ്റാണ്ടിന്റെ മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരേ നിയാസ് പുളിക്കളകത്ത് വോട്ട് അഭ്യര്‍ത്ഥിച്ചു. പരപ്പനങ്ങാടിയിലെ തീരദേശ ജനത ആവേശത്തോടെയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. മല്‍സ്യബന്ധന മേഖല നേരിടുന്ന പ്രതിസന്ധികളും കടലോര മേഖലയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും സ്ഥാനാര്‍ഥി ഉറപ്പു നല്‍കി. ഓരോ കേന്ദ്രങ്ങളിലും സെല്‍ഫിയെടുക്കാന്‍ കുട്ടികളും യുവാക്കളും തിരക്കുകൂട്ടി. ഏറെ ആവേശത്തോടെയാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നേതാക്കള്‍ സ്വീകരണ യോഗങ്ങളില്‍ വിശദീകരിച്ചു. അഞ്ചപ്പുര, കൊടപ്പാളി, ചെട്ടിപ്പടി, ലക്ഷം വീട്, ആലുങ്ങല്‍, ചൊക്ലി കടപ്പുറം, കോളനി, വളപ്പില്‍, അങ്ങാടി, ചാപ്പപ്പടി, ഒട്ടുമ്മല്‍, പുത്തന്‍കടപ്പുറം, സദ്ധാം ബീച്ച്, കെ.ടി. നഗര്‍, കെട്ടുങ്ങല്‍, ചിറമംഗലം, കുളിക്കാന്‍ റോഡ്, പുത്തന്‍പീടിക, എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം പയനിങ്ങല്‍ ജങ്ഷനില്‍ സമാപിച്ചു. എല്‍ഡിഎഫ് നേതാക്കളായ ടി കാര്‍ത്തികേയന്‍, ഗിരീഷ് തോത്തില്‍, കെ സി നാസര്‍, യാക്കൂബ് കെ ആലുങ്ങല്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
LDF candidate Niyas Pulikkalakath's campaign at coastal areas