തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്:എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് നേതാക്കള്‍ ; സസ്‌പെന്‍സ് വിടാതെ സിപിഎം

ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ജില്ലയിലെ ഇടതു മുന്നണിയുടെ യോഗത്തിലും സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ തീരുമാനമായില്ല.ആദ്യഘട്ടത്തില്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുന്‍ ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റുമായ അഡ്വ കെ എസ് അരുണ്‍കുമാറിന്റെ പേരു മാത്രമായിരുന്നു സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ പരിഗണിച്ചിരുന്നത് എന്നാല്‍ പൊതുസ്വതന്ത്രന്‍ എന്ന പേരില്‍ ഇപ്പോള്‍ മറ്റൊരു വ്യക്തിയുടെ പേരുകൂടി സിപിഎം സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം

Update: 2022-05-05 07:58 GMT

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ഇടത് നേതാക്കള്‍.സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ് സിപിഎം.ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ജില്ലയിലെ ഇടതു മുന്നണിയുടെ യോഗത്തിലും സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ തീരുമാനമായില്ല.സിപിഎം ജില്ലാ കമ്മിറ്റിയംഗവും മുന്‍ ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റുമായ അഡ്വ കെ എസ് അരുണ്‍കുമാറായിരിക്കും സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഇന്നലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെങ്കിലും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും മന്ത്രി പി രാജീവും ഇത് നിഷേധിച്ചിരുന്നു.

ഇതുവരെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ സ്ഥാനാര്‍ഥിയുടെ പേര് എന്തടിസ്ഥാനത്തിലാണ് നല്‍കിയതെന്നുമായിരുന്നു ഇവര്‍ ചോദിച്ചത്.ആദ്യഘട്ടത്തില്‍ അരുണ്‍കുമാറിന്റെ പേരു മാത്രമായിരുന്നു സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ പരിഗണിച്ചിരുന്നത് എന്നാല്‍ പൊതുസ്വതന്ത്രന്‍ എന്ന പേരില്‍ ഇപ്പോള്‍ മറ്റൊരു വ്യക്തിയുടെ പേരുകൂടി സിപിഎം സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് അറിയുന്നത്.ഈ രണ്ടു പേരില്‍ ആരെ വേണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തത് ധാരണയിലെത്തിയതിനു ശേഷം എല്‍ഡിഎഫ് യോഗത്തിലും ചര്‍ച്ച ചെയ്തായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.

അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്.പി ടി തോമസിനോടുള്ള സഹതാപ തരംഗം ഉമാ തോമസിന് ഗുണകരമാകുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.ഇതിനെയുള്‍പ്പെടെയുള്ളവ മറികടക്കാനാണ് സി പി എം പൊതുസ്വതന്ത്രനെ നോക്കുന്നതെന്നാണ് അറിയുന്നത്.ഇന്ന് വൈകിട്ടോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്‌.

Tags:    

Similar News