തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന സംസ്ഥാന വ്യപക പ്രതിഷേധം ഇന്ന് മുതല്‍ ആരംഭിക്കും. ഏറെക്കാലമായി സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് നടക്കുന്നുണ്ടെങ്കിലും ഒമ്പത് വൈസ് ചാന്‍സിലര്‍മാരോട് രാജി സമര്‍പ്പിക്കാനാവശ്യപ്പെട്ടതോടെയാണ് ഗവര്‍ണര്‍ക്കെതിരേ പ്രത്യക്ഷ സമരം നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പ്രതിഷേധ കൂട്ടായ്മ.
വൈകീട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോഗം നടക്കും. ഗവര്‍ണര്‍ക്കെതിരേ ഇനി തെരുവില്‍ പ്രതിഷേധമെന്ന തീരുമാനത്തിലാണ് ഇടതുമുന്നണി. നവംബര്‍ രണ്ട് മുതല്‍ കണ്‍വന്‍ഷനും 15ന് രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇടത് യുവജന സംഘടനകളും അധ്യാപക സംഘടനകളും പ്രതിഷേധരംഗത്തുണ്ട്. വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരേ കര്‍ക്കശ നിലപാടുമായി മുന്നോട്ടുപോവുമ്പോള്‍ ഗവര്‍ണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമം. രാജിവയ്ക്കാന്‍ തയ്യാറാവാത്ത ഒമ്പത് വിസിമാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ഇത് വാര്‍ത്താസമ്മേളനം നടത്തി അറിയിക്കുകയും ചെയ്തിരുന്നു.
ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കൂടിയാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. ഇതോടെ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. പദവികള്‍ തല്‍ക്കാലം രാജിവയ്‌ക്കേണ്ടതില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല വിധി വിസിമാര്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്നതാണ്. കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കുംവരെയാണ് പദവിയില്‍ തുടരാനുള്ള അനുമതി. എന്നാല്‍, കാരണം കാണിക്കല്‍ നോട്ടിസിന്‍മേല്‍ ഗവര്‍ണറുടെ നിലപാട് അനുസരിച്ചാവും തുടര്‍നടപടിയെന്ന ഹൈക്കോടതിയുടെ ഉത്തരവ് വിസിമാര്‍ക്ക് വെല്ലുവിളിയാണ്.