മെഡിക്കല്‍ പിജി പ്രവേശനം: ഇടതു സര്‍ക്കാര്‍ മുന്നാക്കക്കാര്‍ക്കായി പിന്നാക്ക സംവരണം കവര്‍ന്നെടുക്കുന്നുവെന്ന് കെ എസ് ഷാന്‍
സാമ്പത്തിക സംവരണമെന്ന പേരില്‍ സവര്‍ണ സംവരണം നടപ്പാക്കാന്‍ അമിതാവേശം കാണിക്കുന്ന ഇടതു സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും ഇതിനെതിരേ സംവരണീയ വിഭാഗങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കെഎസ് ഷാന്‍ പറഞ്ഞു.
തിരുവനന്തപുരം: മെഡിക്കല്‍ പി.ജി സീറ്റുകളിലെ മുന്നാക്ക സംവരണം 27 ശതമാനമായി ഉയര്‍ത്തുന്നതിന് സംവരണീയ വിഭാഗങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്ന ഇടതു സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. എം.എസ്, എം.ഡി തുടങ്ങിയ മെഡിക്കല്‍ പി.ജി കോഴ്‌സുകള്‍ക്കും മറ്റു പ്രഫഷനല്‍ പാരാ മെഡിക്കല്‍ പിജി കോഴ്‌സുകള്‍ക്കുമുള്ള പ്രവേശനം സംബന്ധിച്ച പ്രോസ്‌പെക്ടസിലാണ് ഈഴവ, മുസ്‌ലിം വിഭാഗങ്ങളുടെ സംവരണ വിഹിതം സര്‍ക്കാര്‍ ഒരു ശതമാനം വീതം വെട്ടിക്കുറച്ചതായി വ്യക്തമാക്കുന്നത്.
ഒരു ശതമാനം സീറ്റ് വെട്ടിക്കുറക്കുന്നതുവഴി സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രം മുസ്‌ലിം, ഈഴവ വിഭാഗങ്ങള്‍ക്ക് ഓരോ വര്‍ഷവും ചുരുങ്ങിയത് അഞ്ച് പി.ജി സീറ്റെങ്കിലും നഷ്ടപ്പെടും. ഡെന്റല്‍, ആയുര്‍വേദ, ഹോമിയോ, എം.ഫാം ഉള്‍പ്പെടെയുള്ള കോഴ്‌സുകളിലും ഇതേ സംവരണ നഷ്ടം ആവര്‍ത്തിക്കും. വിശ്വകര്‍മ, ധീവര, കുശവ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം അനുവദിക്കുന്നതിനു പകരം ഇവരെ പിന്നാക്ക ഹിന്ദു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ നടപടി സാമൂഹിക നീതി അട്ടിമറിക്കുന്നതാണ്. ഭരണഘടനാനുസൃതമായ സാമൂഹിക സംവരണത്തെ ഏതുവിധേനയും അട്ടിമറിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ഇടതു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് അവരുടെ ഓരോ നടപടിയും. സാമ്പത്തിക സംവരണമെന്ന പേരില്‍ സവര്‍ണ സംവരണം നടപ്പാക്കാന്‍ അമിതാവേശം കാണിക്കുന്ന ഇടതു സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും ഇതിനെതിരേ സംവരണീയ വിഭാഗങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഷാന്‍ വാര്‍ത്താക്കുറുപ്പില്‍ മുന്നറിയിപ്പു നല്‍കി.