വയനാട്ടില്‍ കിണറ്റില്‍ വീണ പുള്ളിപ്പുലിയെ പുറത്തെത്തിച്ചു

Update: 2022-10-07 11:09 GMT

കല്‍പ്പറ്റ: വയനാട്ടില്‍ നാട്ടിലിറങ്ങി കിണറ്റിലകപ്പെട്ട പുള്ളിപ്പുലിയെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. മയക്കുവെടി പ്രയോഗിച്ച ശേഷം വല ഉപയോഗിച്ചാണ് വനപാലകര്‍ പുലിയെ കിണറ്റില്‍ നിന്ന് രക്ഷിച്ച് പുറത്തെടുത്തത്. തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് പുലി അകപ്പെട്ടത്. 10 മണിക്കൂറോളം പുലി കിണറ്റില്‍ കിടന്ന ശേഷമാണ് രക്ഷപ്പെടുത്താനായത്. രാവിലെ സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ പോലിസിനെയും വനപാലകരെയും വിവരമറിയിക്കുകയായിരുന്നു.

പുലിയെ രക്ഷിക്കുന്നത് കാണാന്‍ വന്‍ ജനക്കൂട്ടമാണ് പ്രദേശത്ത് എത്തിച്ചേര്‍ന്നത്. തമിഴ്‌നാട് മുതുമലയില്‍ നിന്ന് വിദഗ്ധസംഘം സ്ഥലത്തെത്തിയിരുന്നു. കിണറ്റില്‍ ധാരാളം വെള്ളമുണ്ടായിരുന്നതിനാല്‍ മോട്ടോര്‍ ഉപയോഗിച്ച് കുറേയധികം വെള്ളം വറ്റിച്ചു. പുലിയെ കൂട്ടിലേയ്ക്ക് മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. രാവിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വെള്ളം വരാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ പുള്ളിപ്പുലി കുടുങ്ങിയത് വീട്ടുകാര്‍ അറിഞ്ഞത്. കിണറിന് മുകളില്‍ ഇട്ടിരുന്ന വല കാണാത്തതിനാല്‍ കിണറിനുള്ളിലേക്ക് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. നല്ല ആഴമുള്ള കിണറായിരുന്നതിനാല്‍ പുലിക്ക് പുറത്തേക്കെത്താന്‍ സാധിച്ചിരുന്നില്ല.

Tags:    

Similar News