സ്ത്രീധനം വാങ്ങി സുഖലോലുപരായി ജീവിക്കാമെന്ന് കരുതുന്ന ചെറുപ്പക്കാര്‍ക്കുള്ള താക്കീത്; വിസ്മയ വിധിയില്‍ വനിത കമ്മീഷന്‍ അധ്യക്ഷ
അന്യന്റെ വിയര്‍പ്പ് ഊറ്റി അത് സ്ത്രീധനമായി വാങ്ങി സുഖലോലുപരായി ജീവിക്കാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്കുള്ള പാഠം
കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരായ വിധി സ്ത്രീധനത്തിനെതിരെ ശക്തമായ താക്കീതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. അന്യന്റെ വിയര്‍പ്പ് ഊറ്റി അത് സ്ത്രീധനമായി വാങ്ങി സുഖലോലുപരായി ജീവിതം നയിക്കാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്കുള്ള ശക്തമായ പാഠമാകണ വിധിയെന്ന് കമ്മീഷന്‍ അധ്യക്ഷ പ്രതികരിച്ചു.
സ്ത്രീധനം വാങ്ങില്ലെന്ന് പ്രതിജ്ഞയെടുക്കണം. കോളജ് വിട്ട് കഴിഞ്ഞാല്‍ അത് മറന്നുപോകരുത്. നമ്മുടെ പെണ്‍കുട്ടികളെ ബാധ്യതയായി കണ്ട് ആരുടേയെങ്കിലും തലയില്‍ വെച്ചുകെട്ടുന്നതിന് വേണ്ടിയുള്ള സമീപനം മാറ്റണം. പെണ്‍കുട്ടികള്‍ പൗരരാണ്. സമഭാവനയുടെ അന്തരീക്ഷം കുടുംബത്തില്‍ ഉണ്ടാവണെന്നും അവര്‍ പറഞ്ഞു.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്നതിനൊപ്പം രാഷ്ട്രത്തിന്റെ സമ്പത്തായി വളര്‍ത്തി എടുക്കണമെന്നും സ്ത്രീപക്ഷ നിലപാടാണ് സര്‍ക്കാരിന്റേതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു പ്രതി കിരണ്‍കുമാറിന് പത്ത് വര്‍ഷം കഠിന തടവ് വിധിച്ചതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം. മൂന്ന് വകുപ്പുകളിലായി 10 വര്‍ഷമാണ് ശിക്ഷ. ഐപിസി 304, പത്ത് വര്‍ഷം തടവുശിക്ഷ, 306 ആറു വര്‍ഷം തടവ്, 498 രണ്ട് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ഇതിന് പുറമേ പന്ത്രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷയിലുണ്ട്. രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കും.
നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി വരുന്നത്. 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. 2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ളയുമാണ് കോടതിയില്‍ ഹാജരായത്.