കൊല്ലം വിസ്മയ കേസില്‍ വിധി നാളെ

Update: 2022-05-22 07:07 GMT

കൊല്ലം: വിസ്മയ കേസില്‍ വിധി നാളെ. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രഖ്യാപിക്കുക. ഏഴ് വകുപ്പുകളാണ് കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്.

വിസ്മയ മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് കേസില്‍ വിചാരണ പൂര്‍ത്തിയായി വിധി പറയുന്നത്. സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരണ്‍ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമാണ്. ജനുവരി പത്തിനാണ് വിസ്മയ കേസില്‍ വിചാരണ ആരംഭിച്ചത്.

2021 ജൂണ്‍ 21നാണ് വിസ്മയയെ കിരണിന്റെ ശാസ്താംകോട്ട ശാസ്താംനടയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് ത്രിവിക്രമന്‍ നായര്‍, സഹോദരന്‍ വിജിത്ത് എന്നിവരാണ് കേസില്‍ മുഖ്യ സാക്ഷികള്‍. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജാണ് ഹാജരായത്. വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനത്തിനെതിരെ വലിയ ക്യാംപെയിനുകള്‍ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. അതിനാല്‍ പൊതുസമൂഹം ഉറ്റുനോക്കുന്ന വിധി കൂടിയാണ് വിസ്മയ കേസിലേത്.

Tags:    

Similar News