1979ലെ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം റദ്ദാക്കാനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് എളമരം കരീം എംപിയുടെ കത്ത്

Update: 2020-05-06 12:18 GMT

ന്യൂഡല്‍ഹി: ലേബര്‍ കോഡുകളില്‍ ഒന്നായ തൊഴിലിട സുരക്ഷ-ആരോഗ്യ-തൊഴില്‍ സാഹചര്യ ചട്ടം (ഒഎസ്എച്ച്ഡബ്ല്യുസി) 2019 വഴി 1979 ലെ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര തൊഴില്‍ മന്ത്രിക്കും എളമരം കരീം എംപി കത്ത് നല്‍കി. നിലവില്‍ അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളെയും വേതനത്തെയും നിയന്ത്രിക്കുകയും ഈ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന 1979 ലെ നിയമത്തെ അസ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വേതനം ലഭിക്കാതെയും അടിസ്ഥാന സൗകര്യങ്ങളില്ലാതെ മോശം സാഹചര്യത്തിലും ജീവിക്കുന്നവരാണ് കുടിയേറ്റ തൊഴിലാളികള്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി.

കുടിയേറ്റ തൊഴിലാളികളുടെ ജോലി, വേതനം, തൊഴില്‍ സാഹചര്യം എന്നിവയില്‍ സംരക്ഷണം നല്‍കുന്നതാണ് 1979ലെ നിയമം. സ്വന്തം സംസ്ഥാനത്തും ജോലിക്കെത്തുന്ന സംസ്ഥാനത്തും തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഈ നിയമം നിര്‍ബന്ധമാക്കിയിരുന്നു. കൃത്യമായി നടപ്പിലാക്കാതെ ഏറ്റവും അധികം ലംഘിക്കപ്പെട്ട നിയമവുമാണിത്. നിലവിലെ നിയമം കര്‍ശനമാക്കുന്നതിനു പകരം ലേബര്‍ കോഡില്‍ ഉള്‍പ്പെടുത്തി എന്ന ന്യായം പറഞ്ഞു അതിനെ റദ്ദാക്കുന്നത് പാവപ്പെട്ട തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയാകും.

തൊഴിലാളികള്‍ക്ക് അനുകൂലമായ നിയമത്തിലെ മുഴുവന്‍ വ്യവസ്ഥകളും പുതിയ ലേബര്‍ കോഡിലൂടെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പഴയ എല്ലാ വ്യവസ്ഥകളും ലേബര്‍ കോഡില്‍ ഉള്‍പ്പെടുത്തിയെന്ന പ്രചാരണം വാസ്തവിരുദ്ധമാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാക്കിമാറ്റി 1979ലെ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമത്തിലെ വ്യവസ്ഥകള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ലേബര്‍ കോഡിലൂടെ ഈ നിയമത്തെ റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും എളമരം കരീം കത്തില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News