ശ്രേയാംസ് കുമാറിന്റെ നേതൃത്വം അംഗീകരിക്കാനാവില്ല; എല്‍ജെഡി വിമത നേതാക്കള്‍ സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
ജെഡിഎസ് ലയന സാധ്യത നേതാക്കള്‍ തള്ളി. ശ്രയംസ് കുമാര്‍ രാജി വെച്ചില്ലെങ്കില്‍ തീരുമാനം നാളെ
തിരുവനന്തപുരം: എല്‍ജെഡി വിമത നേതാക്കള്‍ സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിമത നേതാക്കളായ ഷേയ്ഖ് പി ഹാരിസ്, വി സുരേന്ദ്രന്‍ പിള്ള എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. സിപിഐ സംസ്ഥാന സെക്രട്ടറിയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാറിന്റെ നേതൃത്വം അംഗീകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് വിമത പക്ഷത്തിന്റെ നിലപാട്. യഥാര്‍ത്ഥ എല്‍ജെഡി തങ്ങളാണെന്നും ഇത് അംഗീകരിക്കണമെന്ന് മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും കൂടിക്കാഴ്ചക്ക് ശേഷം വി സുരേന്ദ്രന്‍ പിള്ള പറഞ്ഞു.
ജെഡിഎസ് ലയന സാധ്യത തള്ളി. ശ്രേയംസ് കുമാര്‍ രാജി വെച്ചില്ലെങ്കില്‍ തീരുമാനം നാളെ അറിയിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. നാളെ നേതൃത്വം മാറിയില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്ന കാര്യവും നേതാക്കള്‍ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
അതിനിടെ, എല്‍ജെഡി സംസ്ഥാന ഭാരവാഹി യോഗം നാളെ ചേരും. നാളെ വരെയാണ് അധ്യക്ഷ പദവി രാജി വെക്കാനുള്ള സമയം വിമതര്‍ ശ്രേയാംസിന് നല്‍കിയിരിക്കുന്നത്.