റേഷന്‍ വിതരണത്തില്‍ പ്രാദേശിക സിപിഎം നേതാവ് ഇടപെട്ടു; റേഷന്‍ ഷോപ്പ് ഉടമയ്‌ക്കെതിരേ സിവില്‍ സപ്ലൈ ഓഫിസര്‍ക്ക് പരാതി
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടക്കല്‍ ബീച്ച് റോഡിലെ (എആര്‍ ഡി 268) റേഷന്‍ ഷോപ്പിലാണ് നിയന്ത്രണങ്ങള്‍ മറികടന്ന് സിപിഎം കോട്ടക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ ടി അബ്ദുര്‍റഹിമാന്‍ അരി തൂക്കി നല്‍കിയത്.
പയ്യോളി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളാല്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന റേഷനില്‍ പ്രാദേശിക സിപിഎം നേതാവ് നേരിട്ട് ഇടപെട്ടതായി പരാതി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോട്ടക്കല്‍ ബീച്ച് റോഡിലെ (എആര്‍ ഡി 268) റേഷന്‍ ഷോപ്പിലാണ് നിയന്ത്രണങ്ങള്‍ മറികടന്ന് സിപിഎം കോട്ടക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ ടി അബ്ദുര്‍റഹിമാന്‍ അരി തൂക്കി നല്‍കിയത്. റേഷന്‍ ഷോപ്പ് ഉടമയോ സഹായിയോ മുന്‍സിപ്പാലിറ്റിയുടെ ആര്‍ആര്‍ട്ടിയോ, അംഗന്‍വാടി ഹെല്‍പ്പറോ മാത്രമേ റേഷന്‍ വിതരണം നടത്താവു എന്ന നിര്‍ദ്ദേശം ഉണ്ടായിരിക്കെയണ് പാര്‍ട്ടി നേതാവിന്റെ ഇടപെടല്‍. ഇതിനെതിരേ റേഷന്‍ ഷോപ്പ് ഉടമയോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലന്ന് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
പാര്‍ട്ടി നേതാവിനെ ഉപയോഗപ്പെടുത്തി റേഷന്‍ വിതരണത്തില്‍ കളമൊരുക്കിയ റേഷന്‍ ഷോപ്പ് ഉടമയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് സിവില്‍ സപ്ലൈ ഓഫിസര്‍ക്ക് പരാതി നല്‍കി.