മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യം പ്രതിദിനം 800 മെട്രിക് ടണ്‍ കടന്നാല്‍ ലോക്ക് ഡൗണ്‍; മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര ആരോഗ്യമന്ത്രി
മുംബൈ: കൊവിഡ് ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ സൂചന നല്‍കി മഹാരാഷ്ട്ര ആരോഗ്യമന്ത്രി. ജനങ്ങളെ നിയന്ത്രണങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടിക്കാന്‍ താല്‍പ്പര്യമില്ലെങ്കിലും ഓക്‌സിജന്‍ പ്രതിദിന ഉപഭോഗം 800 മെട്രിക് ടണ്‍ കടന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്നും ആരോഗ്യമന്ത്രി രാജേഷ് തോപ് മുന്നറിയിപ്പുനല്‍കി.
കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമേ ലോക് ഡൗണ്‍ ഒഴിവാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഇതുവരെ 108 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചത്. രാജ്യത്ത് ഇതുവരെ 415 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു.
ശനിയാഴ്ച മുംബൈയില്‍ 757 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരവധി നിയന്ത്രണങ്ങള്‍ ഇപ്പോഴേ നിലവിലുണ്ട്. രാത്രി 9 മുതല്‍ 6 വരെ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നതിന് നിരോധനമേര്‍പ്പെടുത്തി. പൊതുപരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണവും നിജപ്പെടുത്തി.
ഒമിക്രോണ്‍ വ്യാപനം രൂക്ഷമാണെങ്കിലും ഐസിയുവിലെത്തേണ്ട കേസുകള്‍ കുറവാണെന്ന് മന്ത്രി പറഞ്ഞു. ജല്‍നയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.