ലോക് ഡൗണ്‍ കൊവിഡ് 19 ഇല്ലാതാക്കില്ല, മറിച്ച് രോഗത്തെ നേരിടാന്‍ സമയം ലഭ്യമാക്കും: കടുത്ത ദിനങ്ങള്‍ പ്രവചിച്ച് നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി
രോഗത്തെ നേരിടാന്‍ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ സ്ഥിതിഗതികള്‍ പരിഗണിച്ചുകൊണ്ട് ചില നിര്‍ദേശങ്ങളും മുന്നോട്ടു വയ്ക്കുന്നുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇനി വരാനിരിക്കുന്നത് കടുത്ത കാലമെന്നും ലോക് ഡൗണ്‍ ആ കാലത്തെ നേരിടാനുള്ള തയ്യാറെടുപ്പിനുള്ള സമയമെന്ന് കരുതിയാല്‍ മതിയെന്നും നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി. അഭിജിത്തും എസ്തര്‍ ദുഫ്‌ലോയും ചേര്‍ന്ന് എഴുതിയ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പ്രവചിക്കുന്നത്. രോഗത്തെ നേരിടുന്നതിനുള്ള ചില പ്രവര്‍ത്തന പദ്ധതികളും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു.
ലോക് ഡൗണ്‍ കാലത്ത് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഗ്രാമീണര്‍ രോഗത്തിന്റെ പ്രസരണം അവര്‍ പോലുമറിയാതെ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കും. പൊതുവില്‍ ചികില്‍സാ സൗകര്യങ്ങള്‍ ഇല്ലാത്ത ഗ്രാമങ്ങളുടെ സ്ഥിതി അതോടെ പ്രശ്‌നത്തിലാകും. ലോക് ഡൗണിനു ശേഷം സംഭവിക്കുന്നത് ഇതായിരിക്കുമെന്ന് അദ്ദേഹം എഴുതുന്നു. മാത്രമല്ല, ചെറിയ ചേരികളില്‍ തിങ്ങിഞെരുങ്ങി ജീവിക്കുന്നവര്‍ക്കും ലോക് ഡൗണിനെ നേരിടാന്‍ ചെറിയ ട്രക്കുകളില്‍ ഒതുങ്ങി നാട്ടിന്‍പുറങ്ങളിലേക്ക് പോകുന്നവര്‍ക്കും പ്രധാനമന്ത്രി പറയുന്ന സാമൂഹ്യഅകലം പാലിക്കാന്‍ നിവൃത്തിയില്ലെന്ന യാഥാര്‍ത്ഥ്യം കാണണമെന്നും അദ്ദേഹം പറയുന്നു.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ദരിദ്രജനത ഒരിടത്ത് അടച്ചിരുന്നാലും കൈയിലുള്ള പണം തീരുന്നതോടെ പുറത്തെത്തുക തന്നെ ചെയ്യും. കുടുംബത്തെ ഊട്ടേണ്ടത് അവരുടെ കടമയാണ്. ഒപ്പം ലോക് ഡൗണ്‍ കാലത്ത് പാലിക്കേണ്ട നിബന്ധനകളെ കുറിച്ച് ജനള്‍ക്ക് കടുത്ത ആശയക്കുഴപ്പമുണ്ട്. കര്‍ണാടകയില്‍ നടത്തിയ ഒരു പഠനം ഇത് സൂചിപ്പിക്കുന്നു. ലോക് ഡൗണ്‍ അനാവശ്യമാണെന്നല്ല പറഞ്ഞുവരുന്നതെന്ന് വ്യക്തമാക്കുന്ന അഭിജിത് ഇത് രോഗത്തെ ഇല്ലാതാക്കുമെന്ന് കരുതരുതെന്ന് ഓര്‍മ്മിപ്പിക്കുന്നു.
അദ്ദേഹം നല്‍കുന്ന സൂചനയനുസരിച്ച് രണ്ടാഴ്ചയ്ക്കു ശേഷം രോഗം വീണ്ടും സജീവമാവും. രോഗികളെന്ന് അറിയാത്തവര്‍ രോഗവാഹകരാവും. രോഗത്തിന്റെ നിരവധി കേന്ദ്രങ്ങള്‍ രാജ്യത്ത് രൂപപ്പെടും. അതിന് നിരവധി കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക അകലം പാലിക്കാനാവാത്ത പ്രദേശങ്ങളിലാണ് ഇന്ത്യയിലെ നല്ലൊരു വിഭാഗം ജനം താമസിക്കുന്നത്, പ്രത്യേകിച്ച് ചേരികളില്‍.
ലോക് ഡൗണ്‍ സമത്ത് രോഗം ഇല്ലാതായില്ലെങ്കില്‍, അതിനുള്ള സാധ്യത വിദൂരമാണ്, ലോക് ഡൗണ്‍ അവസാനിക്കുന്നതോടെ അത് പടര്‍ന്നുപിടിക്കും. അതിനര്‍ത്ഥം കര്‍ഫ്യു അനാവശ്യമെന്നല്ല, മറിച്ച് തയ്യാറെടുക്കാനുള്ള സമയം ലഭിക്കുമെന്നേയുള്ളൂ. അത് പ്രധാനവുമാണ്.
ഗ്രാമങ്ങളിലേക്ക് രോഗകേന്ദ്രം മാറാനുള്ള സാധ്യതയും ലോക് ഡൗണ്‍ ഉണ്ടാക്കും. അടുത്ത ഏതാനും മാസങ്ങളില്‍ നാം കേള്‍ക്കുന്നത് ആ വാര്‍ത്തകളായിരിക്കും. ഗ്രാമങ്ങളില്‍ ചികില്‍സാ സൗകര്യം ഇല്ലാത്തത് സ്ഥിതിഗതികള്‍ ഗുരുതരമാക്കും. രോഗം വന്നവര്‍ ഡോക്ടറുടെ അടുത്തെത്തും മുമ്പ് അവര്‍ അത് പലരിലേക്കും പടര്‍ത്തിയിരിക്കും.
രോഗത്തെ നേരിടാന്‍ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ സ്ഥിതിഗതികള്‍ പരിഗണിച്ചുകൊണ്ട് ചില നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടു വയ്ക്കുന്നുണ്ട്. അത് ഇങ്ങനെ ക്രോഡീകരിക്കാം:
രാജ്യത്തെ ഓരോ കുടുംബത്തിലെ ഒരാളെയെങ്കിലും രോഗത്തെ കുറിച്ച് പഠിപ്പിക്കുക. ബോധവാന്മാരാക്കുക. അതുവഴി രോഗം ഒളിച്ചുവയ്ക്കാനുള്ള പ്രവണത കുറയും. റിപോര്‍ട്ടിങ് സത്യസന്ധമാക്കാന്‍ അവരെ പ്രേരിപ്പിക്കുക. റിപോര്‍ട്ടിങ്ങിന് പല വഴികളുണ്ട്. ഫോണ്‍, ആശ വര്‍ക്കര്‍ തുടങ്ങി നിരവധി...
ഗ്രാമങ്ങളിലെ എല്ലാ തരം വൈദ്യവൃത്തി ചെയ്യുന്നവരെയും രജിസ്റ്റേഡ് അല്ലാത്തവരെയും രോഗത്തെ കുറിച്ച് പഠിപ്പിക്കുക. രോഗം കണ്ടാല്‍ ഉടന്‍ റിപോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിക്കുക. ലോക് ഡൗണ്‍ കഴിയുന്നതോടെ രാജ്യത്ത് വരും നാളുകളില്‍ നിരവധി രോഗകേന്ദ്രങ്ങളുണ്ടാവും. അത് വേഗം കണ്ടെത്താനുള്ള സാധ്യത ഇതുവഴി ലഭ്യമാകും.
വലിയൊരു മൊബൈല്‍ മെഡിക്കല്‍ സംഘത്തെ തയ്യാറാക്കുക. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നഴ്‌സുമാരും ടെസ്റ്റിങ് കിറ്റുകളും വെന്റിലേറ്ററുകളും അവര്‍ക്ക് ലഭ്യമായിരിക്കണം. ജനങ്ങളെ ഡോക്ടറെ കാണാന്‍ യാത്ര ചെയ്യിക്കുന്നതിനു പകരം ആരോഗ്യസംഘം അവര്‍ക്കടുത്തെത്തട്ടെ. മൊബൈല്‍ ടീം ആവുന്നതു വഴി എവിടെ രോഗം പൊട്ടിപ്പുറപ്പെട്ടുവോ അവിടേക്ക് ആരോഗ്യസംവിധാനത്തെ വിന്യസിക്കാം. വ്യത്യസ്ത ടീമുകളെ വ്യത്യസ്ത പ്രദേശങ്ങളില്‍ ഉപയോഗപ്പെടുത്താനും കഴിയും. രോഗത്തിന്റെ ഒരൊറ്റ പൊട്ടിത്തെറിയുടെ ആഘാതം ഇതുവഴി ഒഴിവാക്കാനുമാവും.
മൊബൈല്‍ ടീമിന് തൊട്ടടുത്ത ആശുപത്രികള്‍ സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ ആശുപത്രികളും അടക്കം ഉപയോഗിക്കാനുള്ള അവകാശം നല്‍കണം.
അതുപോലെത്തന്നെ പ്രധാനമാണ് അവരുടെ സാമ്പത്തികാവസ്ഥ. അവരുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ പണം ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുക. അതില്ലാതെ ജനങ്ങളെ ആര്‍ക്കും വീട്ടിലിരുത്താനാവില്ല. അവര്‍ ജോലിക്കു വേണ്ടി അലയാന്‍ നിര്‍ബന്ധിതരാകും. ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ട് നല്‍കുന്നതാണ് നല്ലത്. അര്‍ഹരായവരെകുറിച്ച് വ്യാകുലപ്പെടാതെ എല്ലാവര്‍ക്കും കവറേജ് നല്‍കണം.
വാക്‌സിന്‍ കണ്ടുപിടിക്കും വരെ ഇതൊക്കെ തുടരണം. അതു സംഭവിച്ചാല്‍ ആരോഗ്യസംവിധാനം കുറച്ചുകൂടെ മെച്ചപ്പെടുത്തണം.