സർക്കാർ രൂപീകരണം ബിജെപിക്ക് എളുപ്പമാകില്ല; നിർണായക ഉപാധികളുമായി 'കിങ് മേക്കർ' നായിഡു; നിതീഷിന് മൗനം
ബെംഗളൂരു: മൂന്നാംതവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിലെ വിജയത്തിന് ശേഷം പ്രതികരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണം അത്ര എളുപ്പമാകില്ല. ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാഞ്ഞതോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെയും ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുവിന്റേയും നിലപാടുകള്‍ നിര്‍ണായകമാകും. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും തുടരുന്ന നിതീഷിന്റെ മൗനത്തില്‍ ബിജെപിക്ക് ആശങ്കയുണ്ട്.
വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ കിങ് മേക്കര്‍ ചന്ദ്രബാബു നായിഡുവും നിര്‍ണായക ഉപാധികള്‍ മുന്നോട്ട് വയ്ക്കുമെന്നത് ബിജെപിയ്ക്ക് സര്‍ക്കാര്‍ രൂപീകരണമെന്നത് അത്ര എളുപ്പമാകില്ല. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ഉള്‍പ്പടെ വിലപേശി വാങ്ങാനാണ് ചന്ദ്രബാബു നായിഡുവിന്റെ നീക്കം. സുപ്രധാന ക്യാബിനറ്റ് പദവികള്‍ ടിഡിപിക്കും ജനസേനയ്ക്കും ആയി ആവശ്യപ്പെടുമെന്നും എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം ഉറപ്പിക്കുമെന്നുമാണ് റിപോര്‍ട്ട്.
എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാന്‍ ചന്ദ്രബാബു നായിഡു ഇന്ന് 11 മണിക്ക് ഡല്‍ഹിയിലേക്ക് തിരിക്കും. ഇന്നത്തെ എന്‍ഡിഎ യോഗത്തില്‍ പവന്‍ കല്യാണും പങ്കെടുക്കും. നായിഡുവും കല്യാണും ഒന്നിച്ച് ഡല്‍ഹിയിലേക്ക് തിരിക്കും. കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് രാവിലെ 11.30 ന് ചേരുമെന്നാണ് റിപോര്‍ട്ട്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കും. എന്‍ഡിഎ യോഗത്തിന് ശേഷം പുതിയ സര്‍ക്കാരിനുള്ള അവകാശവാദം ഉന്നയിക്കും.
അതേസമയം നിതീഷിനേയും നായിഡുവിനേയും മറുകണ്ടംചാടിക്കാന്‍ ഇന്‍ഡ്യസഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസും ശ്രമം തുടങ്ങിയതായാണ് റിപോര്‍ട്ടുകള്‍. നേരത്തെ സഖ്യകക്ഷികളായിരുന്ന ജെഡിയുവിനേയും ടിഡിപിയേയും ഒപ്പംചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതകള്‍ കോണ്‍ഗ്രസ് തള്ളുന്നില്ല. മുന്നണികള്‍ മാറാന്‍ യാതൊരുമടിയും കാണിക്കാത്ത നിതീഷിന്റെ ചരിത്രം ബിജെപിയിലും ആശങ്കയുണര്‍ത്തുന്നുണ്ട്.