കാനത്തിന്റെ പ്രസ്താവന പ്രതിപക്ഷവാദം ശരിവക്കുന്നത്; അടുത്ത ആഴ്ച ലോകായുക്തയ്ക്ക് പരാതി നല്‍കുമെന്നും ചെന്നിത്തല
ശശി തരൂര്‍ മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. പല കാര്യങ്ങളിലും സ്വതന്ത്ര അഭിപ്രായങ്ങളുണ്ടാകും. കെ റെയിലില്‍ പാര്‍ട്ടിയും മുന്നണിയും തീരുമാനമെടുത്തത് ഒറ്റക്കെട്ടായാണെന്നും ചെന്നിത്തല.
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം സംബന്ധിച്ച കാനം രാജേന്ദ്രന്റെ പ്രസ്താവന പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളുടെ സാക്ഷ്യപത്രമാണെന്നും വിഷയത്തില്‍ അടുത്ത ആഴ്ച ലോകായുക്തയ്ക്ക് പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍വകലാശാലകള്‍ സിപിഎം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ജോലി നല്‍കുന്ന സ്ഥാപനങ്ങളായി മാറരുതെന്ന് പറഞ്ഞ ചാന്‍സിലറും പ്രോ വൈസ് ചാന്‍സിലറും തമ്മില്‍ എന്ത് ഡിപ്ലോമാറ്റിക് ബന്ധമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
മുന്‍ വിസിക്ക് പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രി ബിന്ദുവിന് കത്ത് എഴുതാന്‍ നിയമപരമായി അവകാശമില്ലെന്നും കത്തെഴുതിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യം ചെയ്ത മന്ത്രി രാജിവെക്കണം. ഇതിന് ഉത്തരം പറയാന്‍ മന്ത്രിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശശി തരൂര്‍ മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. അതിനാല്‍ പല കാര്യങ്ങളിലും സ്വതന്ത്ര അഭിപ്രായങ്ങളുണ്ടാകും. കെ റെയിലില്‍ പാര്‍ട്ടിയും മുന്നണിയും തീരുമാനമെടുത്തത് ഒറ്റക്കെട്ടായാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് എംപി കെ റെയിലിനെതിരെ സമര്‍പ്പിച്ച നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പിടാത്തതിനെ സംബന്ധിച്ചായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
തിരുവനന്തപുരം വിമാനത്താവള പ്രശ്‌നത്തില്‍ തരൂരിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞുവെന്നും വിമാനത്താവളം അദാനിക്ക് നല്‍കിയ കാര്യത്തില്‍ മുഖ്യമന്ത്രി പോലും ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.