രാഷ്ട്രപതിയുടെ സിനിമാ അവാര്‍ഡ് ആദ്യമായി ദക്ഷിണേന്ത്യയിലെത്തിച്ച ചെമ്മീനിലുമുണ്ട് സംഘികളേ ' ലൗ ജിഹാദ്'
സംസ്ഥാനത്ത് ഹിന്ദുത്വ ഫാഷിസം സമൂഹിക ഇടങ്ങളില്‍ വിള്ളല്‍ സൃഷ്ടിക്കുന്നതു വരെ ചെമ്മീന്‍ സിനിമക്കു നേരെ ഒരു ആക്രമണവുമുണ്ടായിരുന്നില്ല
കോഴിക്കോട്: വിവാഹം കഴിച്ചയക്കപ്പെട്ട ഹിന്ദുവായ കാമുകിയെ ഓര്‍ത്ത് മുസ്‌ലിം കാമുകനായ പരീക്കുട്ടി കടാപ്പുറത്തിരുന്ന് നിലാവുള്ള രാത്രിയില്‍ 'മാനസ മൈനേ വരൂ' എന്ന് പാടിയ 'ചെമ്മീന്‍' സിനിമയാണ് ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ്ണ കമലം ആദ്യമായി ദക്ഷിണേന്ത്യയിലെത്തിച്ചത്. മലയാള സിനിമ എന്നെന്നും ഓര്‍മിക്കുന്ന ഒരുപിടി ഗാനങ്ങളുള്ള സിനിമ കൂടിയായിരുന്നു ചെമ്മീന്‍. സലീല്‍ ചൗധരി ഈണമിട്ട് മന്നാഡേ പാടിയ മാനസ മൈനേ വരൂ എന്ന ചെമ്മീനിലെ ഗാനം കാലാതിവര്‍ത്തിയായി ഇന്നും ഗാനാസ്വാദകരുടെ ഇഷ്ടഗാനമായി തുടരുന്നു. ഹിന്ദു പെണ്‍കുട്ടിയെ മുസ്‌ലിം യുവാവ് പ്രണയിക്കുന്ന സിനിമയുടെ ഷൂട്ടിങ് പോലും തടയുന്ന സംഘികളും അതിനെതിരേ പ്രതികരിക്കാതെ മാറി നില്‍ക്കുന്ന സിനിമാ ലോകവും മറന്നുപോകുന്നതാണ് ചെമ്മീന്‍ എന്ന സിനിമ മലയാള സിനിമാ ചരിത്രത്തെ അടയാളപ്പെടുത്തിയ വിധം.
പ്രശസ്തമായ ഒരു നോവല്‍ സിനിമയായപ്പോള്‍ അതിലേറെ പ്രശസ്തി നേടിയതിന്റെ ചരിത്രമാണ് ചെമ്മീന്‍ സിനിമക്കുള്ളത്. തകഴി ശിവശങ്കരപ്പിള്ളയാണ് ഹിന്ദു യുവതിയായ കറുത്തമ്മയെയും അവളെ പ്രണയിച്ച് മരണത്തിലേക്ക് ഇറങ്ങിപ്പോയ പരീക്കുട്ടിയെയും നോവലിലൂടെ സൃഷ്ടിച്ചത്. എന്‍ബിഎസ് ആണ് ആദ്യമായി ചെമ്മീന്‍ പുറത്തിറക്കിയത്. പുസ്തകമിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ എല്ലാ പ്രതിയും വിറ്റുപോയ ചെമ്മീന്‍ പീന്നീട് ലക്ഷത്തോളം കോപ്പികളായി ഡി സി ബുക്‌സ് പുറത്തിറക്കി. ഇന്നും മലയാളികള്‍ ഏറ്റവുമധികം വായിച്ച പുസ്തകങ്ങളിലൊന്നാണ് പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും പ്രണയം പറയുന്ന ചെമ്മീന്‍. ഇംഗ്ലീഷ്, റഷ്യന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച് എന്നീ ഭാഷകളികേത്ത് വിവര്‍ത്തനം ചെയ്യപ്പെട്ട ചെമ്മീന്‍ മുഹയുദ്ദീന്‍ ആലുവായ് 'ഷമ്മീന്‍' എന്ന പേരില്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു.
1956ല്‍ പുറത്തിറങ്ങിയ ചെമ്മീന്‍ നോവല്‍ തരംഗമായി തുടരുന്നതിനിടെ 1965ലാണ് രാമു കാര്യാട്ട് അത് സിനിമയാക്കുന്നത്. എസ്.എല്‍. പുരം സദാനന്ദനാണ് തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ബാബു ഇസ്മയില്‍ സേഠ് നിര്‍മിച്ച സിനിമയില്‍ മധു, സത്യന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ഷീല, എസ്.പി. പിള്ള, അടൂര്‍ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്. ഈസ്റ്റ്മാന്‍ കളറില്‍ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീന്‍.
സംസ്ഥാനത്ത് ഹിന്ദുത്വ ഫാഷിസം സമൂഹിക ഇടങ്ങളില്‍ വിള്ളല്‍ സൃഷ്ടിക്കുന്നതു വരെ ചെമ്മീന്‍ സിനിമക്കു നേരെ ഒരു ആക്രമണവുമുണ്ടായിരുന്നില്ല. എന്നാല്‍ 2017 ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ ചെമ്മീന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചപ്പോള്‍ സംഘ്പരിവാറിന്റെ പിന്തുണയോടെ ചിലര്‍ അതിനെതിരെ രംഗത്തുവന്നു. ചെമ്മീനിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ആദരിക്കുന്നതിനായി സിനിമ ചിത്രീകരിച്ച അമ്പലപ്പുഴ പുറക്കാട് പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനം. സംഘ്പരിവാറിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ധീവരസഭയാണ് ഇതിനെതിരെ രംഗത്തു വന്നത്. ചെമ്മീന്‍ മല്‍സ്യതൊഴിലാളികളെ ആക്ഷേപിക്കുന്ന കൃതിയാണെന്നും അത് സിനിമയാക്കിയപ്പോള്‍ ദൃശ്യങ്ങളിലൂടെ അവഹേളനം പൂര്‍ത്തിയായെന്നുമായിരുന്നു ഇവരുടെ ആരോപണം. ആദരിക്കുന്ന ചടങ്ങ് തടയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
മുസ്‌ലിം യുവാവ് ഹിന്ദു യുവതിയെ പ്രണിയക്കുന്ന പ്രമേയമുള്ള സിനിമകള്‍ക്കെതിരെ ഉത്തരേന്ത്യയിലാണ് ആദ്യമായി സംഘ്പരിവാര്‍ രംഗത്തിറങ്ങിയത്. പിന്നീട് ഇത്തരം പ്രതിഷേധങ്ങള്‍ കേരളത്തിലേക്കും വ്യാപിപ്പിക്കുയായിരുന്നു. അപ്പോഴെല്ലാം നിശബ്ദദയുടെ മാളത്തിലൊതുങ്ങി ഫാഷിസത്തിന് വിധേയപ്പെട്ട് പ്രതികരിക്കാതെ മിണ്ടാതിരിക്കുകയായിരുന്നു മലയാളത്തിലെ മെഗാസ്റ്റാറുകള്‍. ഏറ്റവുമൊടുവിലായി മുസ്‌ലിം യുവാവ് ഹിന്ദു യുവതിയെ പ്രണയിക്കുന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് കടമ്പഴിപ്പുറത്ത് നടന്നപ്പോള്‍ അവിടെയെത്തി ആക്രമണം നടത്തിയ ഹിന്ദുത്വ ഫാഷിസ്്റ്റുകള്‍ക്കെതിരെ പ്രതികരിക്കാന്‍ മലയാളത്തിലെ ഒരു മഹാനടനും തയ്യാറായിട്ടില്ല. ഇക്കാലത്തായിരുന്നെങ്കില്‍ ചെമ്മീന്‍ സിനിമ പോലും സാധ്യമാകുമായിരുന്നില്ല എന്നു തന്നെയാണ് മലയാള സിനിമാ ലോകം ഫാഷിസത്തോട് പുലര്‍ത്തുന്ന നിശബ്ദമായ കീഴടങ്ങല്‍ വ്യക്തമാക്കുന്നത്.