ആര്‍എസ്എസ് ഫാഷിസത്തെ ചെറുത്തു തോല്‍പ്പിക്കുക; സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു
കോഴിക്കോട്: ആര്‍എസ്എസ് ഫാഷിസത്തെ ചെറുത്തു തോല്പിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് സിപിഐ (എം എല്‍) റെഡ്സ്റ്റാര്‍ പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു. സെപ്റ്റംബര്‍ 24 മുതല്‍ 29 വരെ കോഴിക്കോട് എസ് കെ പൊറ്റക്കാട് ഹാളിലായിരുന്നു സമ്മേളനം നടന്നത്. 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള 300ല്‍ പരം പേര്‍ പങ്കെടുത്ത പ്രതിനിധി സമ്മേളനം പാര്‍ട്ടി പരിപാടി, വിപ്ലവപാത, രാഷ്ട്രീയപ്രമേയം , രാഷ്ട്രീയ സംഘടനാ റിപോര്‍ട്ട് എന്നീ രേഖകളും പാര്‍ട്ടി ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശങ്ങളും ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകരിച്ചു. പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്ത 34 അംഗ കേന്ദ്ര കമ്മിറ്റിയും 3 അംഗ കണ്‍ട്രോള്‍ കമ്മീഷനും ജനറല്‍ സെക്രട്ടറിയായി പി ജെ ജയിംസിനെയും കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി അഡ്വ സാബി ജോസഫിനെയും തിരഞ്ഞെടുത്തു.
ലോകത്തെ ഏറ്റവും വലിയ ഫാഷിസ്റ്റ് സംഘടനയായ ആര്‍എസ്എസ് നേതൃത്വത്തിലുള്ള നവഫാഷിസ്റ്റ് ഭരണത്തിന്നെതിരെ വിപുലമായ ഫാഷിസ്റ്റ് വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കുകയെന്ന അടിയന്തര കടമ ഏറ്റെടുക്കുന്നതോടൊപ്പം നവലിബറല്‍ കോര്‍പ്പറേറ്റുവല്‍കരണത്തിനെതിരെ നിരന്തര പോരാട്ടങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു. ആര്‍എസ്എസ് ഫാഷിസത്തിന്റെ പ്രത്യയ ശാസ്ത്രാടിത്തറയായ മനുവാദത്തിനും ജാതിവ്യവസ്ഥക്കുമെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ജാതിപ്പേരുകള്‍ ഉപേക്ഷിക്കുന്നതിനും കോണ്‍ഗ്രസില്‍ തീരുമാനമായി. അതോടനുബന്ധിച്ച്, എല്ലാത്തരം ലിംഗ വിവേചനങ്ങളും അവസാനിപ്പിച്ച്, ലിംഗ സമത്വത്തിനായുള്ള പോരാട്ടത്തിലേര്‍പ്പെടാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.
മത വര്‍ഗീയ പ്രസ്ഥാനങ്ങളോടുള്ള സിപിഐ (എംഎല്‍) റെഡ് സ്റ്റാറിന്റെ നിലപാട് സുവ്യക്തമായിരിക്കെ, മുസ് ലിംകളെ ഒന്നാം നമ്പര്‍ ശത്രുവായി കാണുന്ന ആര്‍എസ്എസിന്റെ ഹിന്ദു രാഷ്ട്രവാദത്തിന് അനുസൃതമായി മുസ് ലിം സംഘടനകളെ തിരഞ്ഞുപിടിച്ച് നിരോധിക്കുന്ന മോദി സര്‍ക്കാര്‍ നടപടികളെ പാര്‍ട്ടി കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു. മാനവരാശിയുടെ നിലനില്പ് തന്നെ അസാധ്യമാക്കും വിധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി വിനാശത്തിനു കാരണമായ പ്രകൃതിയുടെ മേലുള്ള കോര്‍പ്പറേറ്റ് കടന്നുകയറ്റത്തെ ചെറുക്കേണ്ടതിന്റെ പ്രാധാന്യവും കോണ്‍ഗ്രസ് ഊന്നിപ്പറഞ്ഞു.