ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ സൗദി കിഴക്കന്‍ മേഖല ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തി
ദമ്മാം: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി സൗദി അറേബ്യയിലെ കിഴക്കന്‍ മേഖല ഗവര്‍ണ്ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ദമ്മാമിലെ ഗവര്‍ണ്ണറുടെ കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച.
സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തിന്റെ വികസന പ്രക്രിയയുടെ ഭാഗമാകുന്നുണ്ടെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.
ലുലു ഗ്രൂപ്പ് സൗദി അറേബ്യയില്‍ പ്രത്യേകിച്ച് കിഴക്കന്‍ പ്രവിശ്യയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ യൂസഫലി ഗവര്‍ണര്‍ക്ക് വിശദീകരിച്ചു. ദീര്‍ഘവീക്ഷണമുള്ള സൗദി ഭരണാധികാരികളുടെ നേതൃത്വത്തില്‍ ലുലു ഗ്രൂപ്പിന് ലഭിക്കുന്ന സഹായ സഹകരണങ്ങള്‍ക്ക് എം എ യൂസഫലി നന്ദി പ്രകടിപ്പിച്ചു.
ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ദമ്മാം റീജിയണല്‍ ഡയറക്ടര്‍ അബ്ദുല്‍ ബഷീര്‍ എന്നിവരും സംബന്ധിച്ചു.
അതിനിടയില്‍ സൗദി അറേബ്യയിലെ ദമാം അല്‍ റയ്യാനില്‍ ലുലു ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവർത്തനമാരംഭിച്ചു. സൗദിയിലെ 26 മത് ഹൈപ്പർ മാർക്കറ്റാണിത്.
ദമാം അല്‍ റയ്യാന്‍ മേഖലയില്‍ ഉത് മാൻ ബിൻ അഫാൻ സ്ട്രീറ്റിലുള്ള ഹൈപ്പർ മാർക്കറ്റിൻ്റെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യുസഫലി യുടെ സാന്നിധ്യത്തില്‍ അല്‍ ശര്ഖിയ്യ ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ബദര്‍ സുലൈമാന്‍ അല്‍ റസീസ നിര്‍വ്വഹിച്ചു.