ഇസ്രായേലിലെ ഹൈഫ പ്രേതനഗരമാവുന്നു.
ഹൈഫയിലെ ബിസിനസ് സ്ഥാപനങ്ങളും സ്‌കൂളുകളും കടകളും പൂട്ടാന്‍ തുടങ്ങിയെന്നും തെരുവുകള്‍ ശൂന്യമാവുന്നതായും ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഇസ്രായേലിലെ ഹൈഫ പ്രേതനഗരമാവുന്നു. ഹൈഫയിലെ ബിസിനസ് സ്ഥാപനങ്ങളും സ്‌കൂളുകളും കടകളും പൂട്ടാന്‍ തുടങ്ങിയെന്നും തെരുവുകള്‍ ശൂന്യമാവുന്നതായും ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ലെബനാനിന്റെ തെക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ഹിസ്ബുല്ലയുടെ പ്രധാന ആക്രമണ ലക്ഷ്യങ്ങളിലൊന്നാണ് ഇത്. ഹൈഫയെ ഇനി ലക്ഷ്യമാക്കുമെന്ന് നേരത്തെ ഹിസ്ബുല്ല പ്രഖ്യാപിച്ചിരുന്നു.
ലെബനാന്റെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കുടിയേറ്റം നടത്തണമെന്ന ഇസ്രായേല്‍ സര്‍ക്കാരിന്റെ ആഹ്വാനം കേട്ട് യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും എത്തിയ ജൂതന്‍മാരാണ് ഇപ്പോള്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്ക് മതിയായ സുരക്ഷ നല്‍കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ അത്യാധുനിക ആയുധങ്ങളും വിതരണം ചെയ്തു. അറബികളെ കുടിയൊഴിപ്പിക്കാന്‍ ഈ തോക്കുകള്‍ മതിയെന്നായിരുന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍.
എന്നാല്‍, 2023 ഒക്ടോബര്‍ ഏഴിന് തൂഫാനുല്‍ അഖ്‌സ തുടങ്ങി അടുത്ത ദിവസം തന്നെ ഗസക്ക് പിന്തുണ പ്രഖ്യാപിച്ച് ഹിസ്ബുല്ല ഈ പ്രദേശങ്ങളെ ആക്രമിച്ചു തുടങ്ങി. ഇതോടെ സര്‍ക്കാരിന്റെ ഉറപ്പ് കടലാസിലെ ഉറപ്പായി. പലതരം റോക്കറ്റുകളും ഡ്രോണുകളും പ്രദേശത്ത് മഴയായി പെയ്യുകയാണ്. തുടര്‍ന്ന് കുടിയേറ്റക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഒക്ടോബര്‍ ഒന്നിന് ഇസ്രായേല്‍ ലെബനാനില്‍ കരയുദ്ധം തുടങ്ങി. വ്യോമസേനയുടെ സഹായത്തോടെയാണ് കരയുദ്ധം നടത്തുന്നത്. എന്നാല്‍, ഇത് സുരക്ഷക്ക് പകരം തീമഴ പെയ്യാന്‍ കാരണമാവുകയാണ ്‌ചെയ്തത്.
ഹൈഫക്ക് സമീപമുള്ള പ്രദേശങ്ങളെല്ലാം ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളായതിനാല്‍ ഇനിയൊരു തിരിച്ചുപോക്കുണ്ടാവില്ലെന്നാണ് കുടിയേറ്റക്കാരുടെ തോന്നലെന്ന് ഇസ്രായേലി മാധ്യമങ്ങളിലെ റിപോര്‍ട്ടുകള്‍ പറയുന്നു.
''വടക്കന്‍ പ്രദേശത്ത് ഇനി വരില്ലെന്നാണ് കുടിയേറ്റക്കാര്‍ പറയുന്നത്. ഒറ്റപ്പെട്ടു പോയെന്ന തോന്നലാണ് എല്ലാവര്‍ക്കുമുള്ളത്. ഇവിടെ കടകളോ അടിസ്ഥാന സൗകര്യങ്ങളോ ബാക്കിയില്ല. അവശ്യവസ്തുക്കള്‍ വാങ്ങാന്‍ നഹാരിയ പ്രദേശത്തേക്ക് പോവണം. ആഴ്ച്ചയില്‍ ഒരിക്കല്‍ മാത്രമേ അങ്ങോട്ട് പോവാന്‍ കഴിയൂ. ഹൈഫ പിടിച്ചെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.'' -നെതുവ പ്രദേശത്തെ ജൂത കുടിയേറ്റക്കാരനായ സോഹര്‍ ലെവി പറയുന്നു.
'കുട്ടികള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഞാന്‍ ഇങ്ങനെയൊരു യുദ്ധകാലത്താണ് ജനിച്ചത്. എന്‍െ പിതാവ് ലെബനാന്‍ യുദ്ധത്തിലാണ് മരിച്ചത്. ഇനിയും കുട്ടികളെ ഇങ്ങനെ വളര്‍ത്താന്‍ കഴിയില്ല.'' മറ്റൊരു കുടിയേറ്റക്കാരന്‍ ഇസ്രായേലി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പ്രദേശം വിട്ടു പോവരുതെന്ന നിലപാടാണ് സൈനികര്‍ക്കും മുന്‍ സൈനികര്‍ക്കുമുള്ളത്. ''ഈ പ്രദേശം വിട്ടു പോവരുതെന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. നാം വിട്ടുപോവുകയാണെങ്കില്‍ സയണിസ്റ്റ് പദ്ധതി അവസാനിച്ചെന്ന് എല്ലാവരും കരുതും. എന്ത് പ്രതിസന്ധിയിലും നാം ഇവിടെ തന്നെ തുടരണം.''-നെതുവയിലെ സൈനികനായ ബെന്ന കോഹന്‍ പറഞ്ഞു.
ഒക്ടോബര്‍ ഏഴിലെ തൂഫാനുല്‍ അഖ്‌സക്ക് ശേഷം ഇസ്രായേല്‍ സൈന്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് മുന്‍ കമാന്‍ഡറായ റോണ്‍ അവ്മാന്‍ പറയുന്നു. ''മുമ്പ് ഞങ്ങള്‍ക്ക് സൈന്യത്തില്‍ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം തകര്‍ന്നിരിക്കുകയാണ്. ഒക്ടോബര്‍ ഏഴിന് എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചില്ലെങ്കില്‍ വിശ്വാസം ഒരിക്കലും പുനര്‍നിര്‍മിക്കാന്‍ കഴിയില്ല.'' റോണ്‍ അവ്മാന്‍ കൂട്ടിചേര്‍ത്തു.
കുടിയേറ്റക്കാര്‍ തിരികെ വരണമെന്ന സൈന്യത്തിന്റെ ആവശ്യത്തെ പ്രാദേശിക ഭരണകൂടങ്ങള്‍ എതിര്‍ക്കുകയാണ്. നിരുത്തരവാദിത്തപരമായ നിലപാടാണ് സൈന്യം സ്വീകരിക്കുന്നതെന്നാണ് ആരോപണം. വടക്കന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ലക്ക് ശക്തമായ സ്വാധീനമുള്ളതിനാല്‍ കുടിയേറ്റക്കാര്‍ മടങ്ങുന്നത് ജീവനാശമുണ്ടാക്കുമെന്ന ഭയമാണ് അധികൃതര്‍ക്കുള്ളത്.
കുടിയേറ്റക്കാരുടെ വിശ്വാസം വീണ്ടെടുക്കാന്‍ ഇസ്രായേലിന്റെ ജനറല്‍ സ്റ്റാഫ് മേധാവി ഹെര്‍സി ഹലേവി അടുത്തിടെ അവരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. റോക്കറ്റാക്രമണം ശക്തമായതിനാല്‍ ഹെര്‍സി ഹലേവിയുടെ വാക്ക് ആരും വിശ്വസിച്ചിട്ടില്ല. ഹലേവി പോയ ഉടന്‍ 70 മിസൈലുകള്‍ പ്രദേശത്ത് എത്തി പൊട്ടിത്തെറിച്ചു.
ഇസ്രായേല്‍ കരയുദ്ധം ഉടന്‍ അവസാനിപ്പിക്കാമെങ്കിലും ഫലം എന്താണെന്ന് പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് ചാനല്‍13ലെ സൈനിക റിപോര്‍ട്ടറായ ഓര്‍ ഹെല്ലര്‍ പറയുന്നത്. ഹിസ്ബുല്ലയും ഇസ്രായേല്‍ സൈന്യവും തമ്മില്‍ തന്ത്രപരമായ തുല്യതയുണ്ടെന്നാണ് ഓര്‍ ഹെല്ലറുടെ അഭിപ്രായം. എന്നാല്‍, വിജയം പ്രഖ്യാപിക്കാതെ ലെബനാനില്‍ നിന്ന് മടങ്ങരുതെന്നാണ് സൈന്യത്തിന്റെ പൊതുനിലപാട്.
ഇസ്രായേല്‍ കരയുദ്ധം തുടങ്ങിയ ശേഷം വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി ഹൈഫയുടെ മേയറായ യോന യഹാവ് പറഞ്ഞു. ''ഹൈഫയിലെ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും മരവിച്ചിരിക്കുകയാണ്. തെരുവുകള്‍ കാലിയായി. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്.''- യോന യഹാവ് പറയുന്നു. വടക്കന്‍ ഇസ്രായേല്‍ ദുര്‍ബലമായാല്‍ ഇസ്രായേലും ദുര്‍ബലമാവുമെന്നാണ് യോന യഹാവിന്റെ അഭിപ്രായം.
ഹൈഫ ബേ പ്രദേശം തകര്‍ന്നുതരിപ്പണമായെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അല്‍ ജലില്‍ പ്രദേശത്തെയും ഗോലാന്‍ കുന്നുകളിലെയും 80 ശതമാനം കടകളും വന്‍ പ്രതിസന്ധിയിലാണെന്ന് ഹീബ്രു മാധ്യമമായ യെദിയോത്ത് അഹ്‌റോണോത്തിലെ റിപോര്‍ട്ട് പറയുന്നു. വ്യാപാരത്തില്‍ 65 ശതമാനത്തില്‍ അധികമാണ് കുറവുണ്ടായിരിക്കുന്നത്. വ്യവസായം, കൃഷി, വ്യാപാരം, ടൂറിസം തുടങ്ങി പ്രതിസന്ധിയില്ലാത്ത ഒരു മേഖലയുമില്ല. ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ തകര്‍ന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. 2023 ഒക്ടോബര്‍ മുതല്‍ 2024 ആഗസ്റ്റ് വരെ മാത്രം 84000 കോടി രൂപയാണ് ഇത്തരത്തില്‍ നഷ്ടപരിഹാരമായി നല്‍കിയത്. വടക്കന്‍ ഇസ്രായേലില്‍ മാത്രം തൊഴിലില്ലായ്മ 20 ശതമാനം വര്‍ധിച്ചെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
ലെബനാനില്‍ നിന്ന് മിസൈലുകള്‍ വരുമ്പോള്‍ ഇപ്പോള്‍ മുന്നറിയിപ്പ് പോലും ലഭിക്കുന്നില്ലെന്നും കുടിയേറ്റക്കാര്‍ പരാതിപ്പെടുന്നു. അതിനാല്‍ റംബാം ആശുപത്രി ഇപ്പോള്‍ ഒരു ഗാരേജിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രദേശത്തെ സ്‌കൂളുകളും അടച്ചു.
1947ലെ ഐക്യരാഷ്ട്രസഭാ പ്രമേയത്തില്‍ ഹൈഫയെ ഇസ്രായേലിന്റെ ഭാഗമാക്കി. ജൂത അര്‍ധസൈനിക വിഭാഗമായ ഹഗാന നടത്തിയ ആക്രമണത്തെ തുടര്‍ന്ന് 15000 ഫലസ്തീനികളെ പുറത്താക്കി. ഇപ്പോള്‍ ബാക്കിയുള്ളവരെയും പുറത്താക്കാന്‍ ശ്രമിക്കുകയാണ്.
By PA ANEEB