കോഴിക്കോട്: മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസതടസം മൂലം ഈ മാസം 15 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ആരോഗ്യനില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
എഴുത്തുകാരൻ എന്നതിലുപരി അധ്യാപകനായും തിരകഥാകൃത്തായും പത്രാധിപനായും തിളങ്ങി. കേരളസാഹിത്യ അക്കാദമി പുരസ്‌കാരം,മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം,തിരക്കഥയ്ക്കുള്ള പുരസ്‌കാരം, കേരളസംസ്ഥാന പുരസ്‌കാരം , ജ്ഞാനപീഠ പുരസ്കാരം എന്നിവ ലഭിച്ചു. മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽ വെളിച്ചവും, അറബിപ്പൊന്ന് (എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയത്), രണ്ടാമൂഴം, വാരണാസി, ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാർഎസ് സലാം, രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കൾ, ഷെർലക്ക്, ഓപ്പോൾ, നിന്റെ ഓർമ്മയ്ക്ക്, തുടങ്ങി നിരവധി കൃതികൾക്ക് തൂലിക ചലിപ്പിച്ചു.