മഅ്ദനി: കേന്ദ്ര മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരം- മുസ്‌ലിം സംയുക്ത വേദി
ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ വധശ്രമത്തിന് വിധേയനായി വലതുകാല്‍ നഷ്ടപ്പെട്ട മഅ്ദനിക്കെതിരേ ഇപ്പോഴും കളളക്കഥകള്‍ പ്രചരിപ്പിക്കുന്നത് കേന്ദ്ര മന്ത്രി പദവിയുടെ മാന്യതയെ തന്നെ കളങ്കപ്പെടുത്തുന്ന നടപടിയാണ്.
തിരുവനന്തപുരം: രണ്ടുപതിറ്റാണ്ടിലേറെയായി ഭരണകൂട ഭീകരതയയുടെ ക്രൂരവിനോദത്തിനിരയായി പീഡിപ്പിക്കപ്പെടുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കോടതി ശിക്ഷിച്ചിട്ടുളളതാണെന്നും മഅ്ദനി കുറ്റവാളിയാണെന്നുമുളള കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന വിവരക്കേടും നിരുത്തരവാദപരവുമാണെന്ന് കേരള മുസ്‌ലിം സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അഭിപ്രായപ്പെട്ടു.
വര്‍ഗീയവിഷം വമിപ്പിച്ച് രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര സംശയവും സ്പര്‍ധയും ജനിപ്പിച്ച് തമ്മിലടിപ്പിക്കാനും രംഗത്തിറങ്ങിയ പാലാ ബിഷപ്പ് ഫാ. ജോസഫ് കല്ലറങ്ങാട്ടിനെ ന്യായീകരിക്കാന്‍ തയ്യാറായ മുരളിധരന്‍, ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ വധശ്രമത്തിന് വിധേയനായി വലതുകാല്‍ നഷ്ടപ്പെട്ട മഅ്ദനിക്കെതിരേ ഇപ്പോഴും കളളക്കഥകള്‍ പ്രചരിപ്പിക്കുന്നത് കേന്ദ്ര മന്ത്രി പദവിയുടെ മാന്യതയെ തന്നെ കളങ്കപ്പെടുത്തുന്ന നടപടിയാണ്.
സാമ്രാജ്യത്വ ഭീകരതയുടെ സൃഷ്ടിയായ ഇസ്‌ലാമോഫോബിയക്ക് വെളളവും വളവും നല്‍കി പരിപോഷിപ്പിക്കുന്ന ദുശക്തികളുടെ ദിവാസ്വപ്‌നങ്ങള്‍ നൈതികമൂല്ല്യങ്ങള്‍ക്ക് വിലകല്‍പിക്കുന്ന ജനതയുടെ ചരിത്ര ബോധത്തിന് മുന്നില്‍ തകര്‍ന്നടിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.