പ്രഫുല്‍ കെ പട്ടേലിനെ കേന്ദ്രം തിരിച്ചു വിളിക്കണം; ദ്വീപിനെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചെറുക്കണമെന്നും മുസ്‌ലിം സംയുക്ത വേദി

Update: 2021-05-26 10:57 GMT

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ സാംസ്‌ക്കാരിക പൈതൃകത്തെയും സമാധാനാന്തരീക്ഷത്തേയും അട്ടിമറിക്കാനുള്ള ഹീന ശ്രമങ്ങളെ ചെറുക്കുന്നതിന് മുഴുവന്‍ മനുഷ്യ സ്‌നേഹികളും യോജിച്ച് അണിനിരക്കണമെന്ന് കേരള മുസ്‌ലിം സംയുക്ത വേദി. 

ജനവിരുദ്ധവും പ്രാകൃതവുമായ പരിഷ്‌ക്കാരങ്ങള്‍ അടിച്ചേല്‍പിച്ച് ദ്വീപ് ജനതയില്‍ അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് വര്‍ഗീയ ശക്തികള്‍ക്ക് വളക്കൂറുണ്ടാക്കാനുളള തരംതാണ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പ്രഫുല്‍ കെ പട്ടേലിനെ കേന്ദ്രം തിരിച്ചു വിളിക്കണം.

ലക്ഷദ്വീപിന്റെ സല്‍പേര് കളങ്കപ്പെടുത്താനും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതിനും കള്ളക്കഥകളുണ്ടാക്കി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഒരു സമൂഹത്തെ രാജ്യ വ്യാപകമായി പാര്‍ശ്വവല്‍ക്കരിച്ച് കടന്നാക്രമിക്കുന്ന സംഘപരിവാര ശക്തികളുടെ ക്രൂരവിനോദത്തിനെതിരെ പ്രതിഷേധിക്കാന്‍ മുന്നോട്ട് വന്ന സംസ്ഥാനത്തെ രാഷ്ട്രീയ സാംസ്‌ക്കാരിക സിനിമാ മേഖലകളിലെ പ്രമുഖരെ യോഗം അഭിനന്ദിച്ചു.

ഓണ്‍ലൈനില്‍ നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, പാനിപ്ര ഇബ്‌റാഹീം മൗലവി, മൗലവി നവാസ് മന്നാനി പനവൂര്‍, ഡോ.അബ്ദുല്‍ മജീദ് അമാനി, അഹമ്മദ് കബീര്‍ അമാനി ബാഖവി, സയ്യിദ് പൂക്കോയാ തങ്ങള്‍ കൊല്ലം, ജഅ്ഫറലി ദാരിമി പൊന്നാനി, സയ്യിദ് മുനീബ് മഖ്ദൂമി, ഹാഫിസ് സുലൈമാന്‍ മൗലവി, കടുവയില്‍ ഷാജഹാന്‍ മൗലവി, റഫീഖ് അഹമ്മദ് മൗലവി, അബ്ദുറഹ്മാന്‍ അല്‍ഹാദി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News