തിരുവനന്തപുരം: മഅ്ദനി നീതി നിഷേധത്തിന്റെ പ്രതീകം എന്ന പ്രമേയത്തില്‍ ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം മഅദനിയുടെ സ്ഥാപനമായ അന്‍വാര്‍ശേരിയില്‍ നാളെ നടക്കും. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് കര്‍ണാടക ജയിലിലടക്കപ്പെട്ട മഅ്ദനി ഇപ്പോള്‍ ജാമ്യത്തിലാണെങ്കിലും നിരവധി രോഗങ്ങളുള്ള മഅ്ദനിക്ക് മതിയായ ചികിത്സ യോ മനുഷ്യാവകാശ പരിഗണനകളോ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ സര്‍ക്കാറുകളുടെ അടിയന്തരശ്രദ്ധ പതിയണമെന്ന ആവശ്യമുയര്‍ത്തി ജംഇയ്യത്തുല്‍ ഉലമ ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
പരിപാടിയില്‍ മഅ്ദനിയുടെ ഗുരുനാഥനും ദക്ഷിണയുടെ വൈസ് പ്രസിഡണ്ടുമായ കെ പി അബൂബക്കര്‍ ഹസ്‌റത്ത്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എന്‍ കെ പ്രേമചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, എ കെ ഉമര്‍ മൗലവി, പാങ്ങോട് കമറുദ്ദീന്‍ മൗലവി, സി എ മൂസ മൗലവി, അഡ്വക്കേറ്റ് കെ പി മുഹമ്മദ്, ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് പി എം സൈദ് തുടങ്ങി സംഘടാ ,രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുമെന്ന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചു.