കെടി ജലീലിനെതിരെ നടപടി വേണമെന്ന് മാധ്യമം; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ജലീലിന്റെ ചെയ്തിയില്‍ മാധ്യമത്തിനുള്ള കടുത്ത വേദനയും പ്രതിഷേധവും ചീഫ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചു

Update: 2022-07-25 10:08 GMT

തിരുവനന്തപുരം: കൊവിഡ് കാലത്ത് പ്രവാസികള്‍ നേരിട്ട ദുരവസ്ഥ തുറന്നു കാട്ടിയ മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശ രാജ്യത്തെ ഭരണാധികാരിക്ക് കത്ത് നല്‍കിയ മുന്‍ മന്ത്രി ഡോ. കെടി ജലീലിനെതിരെ ഉചിത നടപടി ആവശ്യപ്പെട്ട് മാധ്യമം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യസംവിധാനത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും പരിക്കേല്‍പ്പിക്കുന്ന ജലീലിന്റെ ചെയ്തിയില്‍ മാധ്യമത്തിനുള്ള കടുത്ത വേദനയും പ്രതിഷേധവും ചീഫ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു.

ജലീല്‍ കത്തയച്ചത് താന്‍ നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വിഷയം ജലീലുമായി സംസാരിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളില്‍ ഗുണകാംക്ഷയോടെയും തിരുത്തല്‍ ശക്തിയായും നിലകൊണ്ട്, നാടിനെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുകയെന്ന മാധ്യമ ദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചീഫ് എഡിറ്റര്‍ ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിസന്ധിയില്‍ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ മാധ്യമം ശക്തമായി പിന്തുണച്ചു. മടക്കയാത്ര മുടങ്ങുന്ന ഘട്ടത്തില്‍ ജനങ്ങളുടെ വേദനയും നിലവിളിയും മറയില്ലാതെ പ്രകടിപ്പിക്കാനും മടി കാണിച്ചിട്ടില്ല. കൊവിഡ് ഭീഷണി രൂക്ഷമായപ്പോള്‍ ഭേദപ്പെട്ട സ്ഥിതിയുള്ള സ്വദേശത്തേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷ മുടങ്ങിപ്പോയപ്പോള്‍ പ്രവാസി മലയാളികളിലുണ്ടായ ആശങ്കയും ആധിയും അവരുടെ ക്ഷേമവും സുരക്ഷയും മുന്നില്‍ കണ്ട് വേറിട്ടൊരു രീതിയില്‍ ആവിഷ്‌കരിക്കുകയായിരുന്നു 2020 ജൂണ്‍ 24ന് മാധ്യമം ചെയ്തത്. അതേക്കുറിച്ച വിമര്‍ശനവും ഭിന്നാഭിപ്രായങ്ങളും മനസ്സിലാക്കാനാകും. ആ വാര്‍ത്ത മുന്‍നിര്‍ത്തി അങ്ങയുടെ മന്ത്രിസഭാംഗം കെടി ജലീല്‍ 'മാധ്യമ'ത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശരാജ്യത്തെ അധികാരികള്‍ക്ക് കത്തെഴുതുന്ന നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര വിദേശകാര്യ മന്ത്രാലയ അനുമതിയില്ലാതെ വിദേശരാജ്യത്തെ അധികാരികള്‍ക്ക് കത്തയക്കുന്നത് പ്രോട്ടോകോള്‍ ലംഘനവും ഭരണഘടനവിരുദ്ധവുമാണ്. മന്ത്രിപദത്തിലിരിക്കുന്ന ആള്‍ ഇത്തരമൊരു വിഷയം വ്യക്തിപരമെന്ന നിലയില്‍ സ്വകാര്യമായി കൈകാര്യം ചെയ്യുന്നത് കൂടുതല്‍ ഗൗരവതരവുമാണ്. ഉത്കണ്ഠയുളവാക്കുന്ന കടുത്ത നൈതിക വിഷയങ്ങള്‍ ഇതിലുണ്ട്. ഇത്തരം വഴിവിട്ട ചെയ്തിയെ ഇടത് ഭരണസംവിധാനത്തിന് അംഗീകരിക്കാനാവില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ചീഫ് എഡിറ്റര്‍ കത്തില്‍ പറഞ്ഞു.

ഐഡിയല്‍ പബ്ലിക്കേഷന്‍സ് ട്രസ്റ്റ് സെക്രട്ടറി ടികെ ഫാറൂഖ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പിഎം സാലിഹ്, ജോയിന്റ് എഡിറ്റര്‍ പിഐ നൗഷാദ്, തിരുവനന്തപുരം റീജ്യണല്‍ മാനേജര്‍ ബി ജയപ്രകാശ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ഇ ബഷീര്‍ എന്നിവരും ചീഫ് എഡിറ്റര്‍ക്കൊപ്പമുണ്ടായിരുന്നു. 

Tags:    

Similar News