മധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു

Update: 2024-05-05 12:41 GMT

ഭോപ്പാല്‍: മധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. ശാഹ്ഡോലിലെ എഎസ്‌ഐ മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രസാദ് കനോജി, സഞ്ജയ് ദൂബേ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം പരിശോധനയ്ക്ക് പോയതായിരുന്നു ബാഗ്രി.

മണലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ബാഗ്രി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ട്രാക്ടര്‍ അദ്ദേഹത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. ബാഗ്രി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രസാദും സഞ്ജയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രാക്ടറിന്റെ ഡ്രൈവറും ഉടമയുടെ മകനും അറസ്റ്റിലായതായി പോലീസ് അറിയിച്ചു. അതേസമയം വാഹനത്തിന്റെ ഉടമയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലിസ് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് വ്യാപകമാണ്. സോന്‍ നദീതീരത്തുനിന്ന് വലിയ അളവിലാണ് മണല്‍ കടത്താറുള്ളത്. കഴിഞ്ഞവര്‍ഷം, ശാഹ്ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനെയും ട്രാക്ടര്‍ കയറ്റിക്കൊലപ്പെടുത്തിയിരുന്നു.

Tags:    

Similar News