എം കെ സ്റ്റാലിനെ അധിക്ഷേപിച്ച കേസ്; നടി മീര മിഥുനിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ബിഗ് ബോസ് ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ മീര മിഥുന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായിയാണെന്ന് അവകാശപ്പെടുന്നയാളാണ്.

Update: 2022-04-28 05:57 GMT

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അധിക്ഷേപിച്ച കേസില്‍ നടി മീര മിഥുനിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈകോടതി തള്ളി.നടിയെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.ജസ്റ്റിസ് ജി ജയചന്ദ്രനാണ് ഉത്തരവിട്ടത്.

മീര മിഥുന്റെ പുറത്തുവരാനിരിക്കുന്ന സിനിമയായ പേയ് കാണോമിന്റെ പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് തരംതാണ ഭാഷയില്‍ നടി മുഖ്യമന്ത്രിക്കെതിരേ പരാമര്‍ശം നടത്തിയത്.പരാമര്‍ശത്തിനെതിരേ നിര്‍മാതാവ് സുരുളിവേല്‍ ആണ് പരാതി നല്‍കിയത്.ഇതിന് പിന്നാലെ സൈബര്‍ പോലിസ് കേസെടുത്തു.

294 (ബി) (അശ്ലീല ഗാനം ആലപിക്കുകയോ ഉച്ചരിക്കുകയോ ചെയ്യുക), 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക), 504 (സമാധാന ലംഘനത്തിന് മനപൂര്‍വം ശ്രമിക്കുക) ഉള്‍പ്പെടെയുള്ള ഐപിസിയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇതോടെ നടി മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു.

ശബ്ദസന്ദേശം ഗ്രൂപ്പില്‍ വന്ന സമയത്ത് താന്‍ ഒരു ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നുവെന്നും,നിര്‍മാതാവില്‍ നിന്ന് പ്രതിഫലം ആവശ്യപ്പെട്ടതിനാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും മീര മിഥുന്‍ ജാമ്യ ഹരജിയില്‍ പറഞ്ഞു.നിര്‍മാതാവ് നേരത്തെ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മീര വാദിച്ചു. എന്നാല്‍ നടി സ്ഥിരമായി ഇത്തരത്തില്‍ പെരുമാറുന്ന ആളാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി, നടിയെ അറസ്റ്റു ചെയ്യാന്‍ പോലിസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

ബിഗ് ബോസ് ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ മീര മിഥുന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായിയാണെന്ന് അവകാശപ്പെടുന്നയാളാണ്. നേരത്തേ ദളിത് വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നിയമനടപടി നേരിട്ട ഇവരെ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ആലപ്പുഴയില്‍നിന്നാണ് അറസ്റ്റുചെയ്തിരുന്നു.

Tags:    

Similar News