ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളിലൊന്നായ 45 ദിവസം നീണ്ടുനിൽക്കുന്ന മഹാ കുംഭമേള ഇന്ന് സമാപിക്കും. ശിവരാത്രി ദിനമായ ഇന്ന് പ്രയാഗ്‌രാജിലെ സംഗമസ്ഥാനത്ത് നടക്കുന്ന അന്തിമ സ്‌നാനത്തോടെയാണ് കുംഭമേള അവസാനിക്കുക. പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ ഇതുവരെ 63.36 കോടി ആളുകൾ പുണ്യസ്‌നാനം ചെയ്തു എന്നാണ് റിപോർട്ട്.
ഇന്നത്തെ സ്നാനത്തിനായി വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത് . പുലർച്ചെ ആരംഭിക്കുന്ന അവസാന "അമൃത് സ്നാൻ" കാണുന്നതിനായി മൈതാനത്ത് വമ്പിച്ച ജനകൂട്ടം തന്നെയുണ്ട്.
ജനുവരി 26-ന് മൗനി അമാവാസിയിലുണ്ടായ തിക്കിലും തിരക്കിലും 30-ലധികം പേർ മരിക്കുകയും 60-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് കുംഭമേള വിവാദ വിഷയങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.പ്രതിപക്ഷ നേതാക്കളും ബിജെപി നേതാക്കളും തമ്മിലുള്ള വലിയ വാഗ്വാദങ്ങളിലേക്ക് ഇത് കൊണ്ടത്തിച്ചു. പ്രതിപക്ഷം സർക്കാറിനെ കുറ്റപെടുത്തിയപ്പോൾ മതത്തെ കൂട്ടു പിടിച്ച് പ്രതിരോധം തീർക്കാനാണ് ബിജെപി ശ്രമിച്ചത്.
സംഗമത്തിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്നും വെള്ളം വൃത്തിഹീനമാണെന്നുമുള്ള റിപോർട്ടുകളെച്ചൊല്ലിയായിരുന്നു മറ്റൊരു വിവാദം. വിമർശകർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഗംഗാ ജലം കുളിക്കാൻ മാത്രമല്ല കുടിക്കാനും അനുയോജ്യമാണെന്നായിരുന്നു ഇതിനോട് യോഗി ആദിത്യനാഥിൻ്റെ പ്രതികരണം.