മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപീകരണം; ഷിന്‍ഡെയും ഫഡ്‌നാവിസും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Update: 2022-07-09 07:31 GMT

Maharashtra CM Shinde, Fadnavis to meet PM Modi, Nadda today in New Delhi: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി റാം നാഥ് കോവിന്ദുമായും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായും ഇവര്‍ കൂടിക്കാഴ്ച നടത്തുമെന്ന് റിപോര്‍ട്ടുണ്ട്. വെള്ളിയാഴ്ച ഇരുവരും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു. മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച. ബിജെപിയും ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും തമ്മിലുള്ള അധികാരം പങ്കിടല്‍ സൂത്രവാക്യത്തിന്റെ വിശാലമായ രൂപരേഖകള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം.

നരേന്ദ്രമോദിയുടെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ നിങ്ങള്‍ രണ്ടുപേരും ജനങ്ങളെ വിശ്വസ്തതയോടെ സേവിക്കുമെന്നും മഹാരാഷ്ട്രയെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോവുമെന്നും എനിക്ക് ഉറപ്പുണ്ട്- അമിത് ഷാ വെള്ളിയാഴ്ച രാത്രി ട്വിറ്ററില്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ പുതിയ മന്ത്രിസഭയില്‍ 25 മന്ത്രിമാര്‍ ബിജെപില്‍ നിന്നും 13 പേര്‍ ഷിന്‍ഡെ പക്ഷത്തുനിന്നുമാണെന്നാണ് വിവരം. ഷിന്‍ഡെ പക്ഷത്തേയ്ക്കു വന്ന സ്വതന്ത്ര എംഎല്‍എമാര്‍ക്ക് ബാക്കി മന്ത്രിസ്ഥാനങ്ങള്‍ നല്‍കാനാണ് ധാരണ.

അതേസമയം ഉദ്ധവ് താക്കറെ വിഭാഗം 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ജൂലൈ 11ന് സുപ്രിംകോടതി വിധി വന്ന ശേഷം മാത്രമേ മന്ത്രിസഭാ രൂപീകരണത്തില്‍ അന്തിമതീരുമാനമുണ്ടാവൂ. അട്ടിമറി രാഷ്ട്രീയ നീക്കങ്ങളിലൂടെ മഹാവികാസ് അഘാടി സര്‍ക്കാരിനെ താഴെയിറക്കിയാണ് ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ അധികാരത്തിലേറിയത്. ഉദ്ധവ് താക്കറെ രാജിവച്ചതിന് പിന്നാലെ കഴിഞ്ഞ ജൂണ്‍ 30നാണ് ഷിന്‍ഡെയും ഫഡ്‌നാവിസും അധികാരമേറ്റെടുത്തത്.

Tags:    

Similar News