മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരേ ഭീഷണി; അറസ്റ്റിലായ കേന്ദ്ര മന്ത്രിക്ക് ജാമ്യമനുവദിച്ചു
മുബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ തല്ലുമെന്ന പരാമര്‍ശത്തില്‍ അറസ്റ്റിലായ കേന്ദ്ര മന്ത്രി നാരായണ്‍ റാണെക്ക് റായ്ഗഡ് മഹദ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ആഗസ്ത് 31, സപ്തംബര്‍ 13 ദിവസങ്ങളില്‍ പോലിസിനു മുന്നില്‍ ഹാജരാവണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.
''ജാമ്യം അനുവദിച്ചതോടൊപ്പം കോടതി ചില നിബന്ധനകള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ആഗസ്ത് 31, സപ്തംബര്‍ 13 ദിവസങ്ങളില്‍ നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്- റാണെയും അഭിഭാഷകന്‍ സന്‍ഗ്രാം ദേശായി പറഞ്ഞു.
കൊങ്കണ്‍ മേഖലയിലെ 'ജന്‍ ആശിര്‍വാദ് യാത്ര'യില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെയാണ് നഗിരിയിലെ സംഗമേശ്വറിലെ ക്യാംപില്‍ നിന്ന് കഴിഞ്ഞ ദിവസം മന്ത്രിയെ പോലിസ് അറസ്റ്റ് ചെയ്തത്.
ഉദ്ദവ് താക്കറെയ്ക്ക് ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടിയ വര്‍ഷം പോലും അറിയില്ല. ഒരു പ്രസംഗത്തില്‍ അദ്ദേഹം അത് മറന്നുപോയി. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ തല്ലുമായിരുന്നു എന്നായിരുന്നു നാരായണ്‍ റാണെയുടെ വിവാദ പ്രസ്താവന. 'തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല' അല്ലെങ്കില്‍ 'തന്റെ സഞ്ചാര സ്വതന്ത്രം തടയാന്‍ ധൈര്യമുണ്ടെങ്കില്‍ കാണട്ടെ' എന്ന വെല്ലുവിളിക്ക് പിന്നാലെയാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പോലിസ് അറസ്റ്റ് ചെയ്യുന്നത്.
മഹാരാഷ്ട്രയില്‍ ബിജെപി നടത്തിവന്നിരുന്ന ജന്‍ ഐശ്വര്യ യാത്ര ഉടന്‍ പുനരാരംഭിക്കുമെന്ന് ബിജെപി നേതാവ് പ്രവീണ്‍ ദരേകര്‍ പറഞ്ഞു.