മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് ബാധയില്‍ റെക്കോര്‍ഡ് വര്‍ധന; 24 മണിക്കൂറിനുള്ളില്‍ 40,414 പേര്‍ക്ക് കൊവിഡ്

Update: 2021-03-28 19:02 GMT

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് 19 ബാധയില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. 24 മണിക്കൂറിനുള്ളില്‍ 40,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 27,13,875 ആയി. ഞായറാഴ്ച മാത്രം 108 പേര്‍ മരിച്ചു. 

സംസ്ഥാനത്ത് ഇതുവരെ 54,181 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ശനിയാഴ്ച 35,726 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 166 പേര്‍ മരിക്കുകയും ചെയ്തു.

സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഗണ്യമായി കൂടുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പു നല്‍കിയതിനു തൊട്ടു പിന്നാലെയാണ് ഇത്രയും പേര്‍ക്ക്് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപനം ഇതുപോലെ പോവുകയാണെങ്കില്‍ ലോക്ക് ഡൗണിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുമെന്നായിരുന്നു താക്കറെ മുന്നറിയിപ്പു നല്‍കിയത്. സംസ്ഥാനത്തെ ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വിമുഖരാണെന്നും ഉദ്ദവ് കുറ്റപ്പെടുത്തി.

ലോക്ക് ഡൗണിലേക്ക് പോകേണ്ടതുണ്ടോ എന്നാലോചിക്കുന്നതിന് ഉദ്ദവ് താക്കറെ ഉന്നതതല യോഗം വിളിച്ചിരുന്നു. വേണ്ടി വന്നാല്‍ ലോക്ക് ഡൗണിലേക്ക് പോകുമെന്നുതന്നെയാണ് യോഗം നല്‍കിയ സൂചന.

Tags:    

Similar News