''ബോബി ചെമ്മണ്ണൂര്‍ അശ്ലീല ആക്ഷേപങ്ങള്‍ നടത്തുന്നു'' പോലിസില്‍ പരാതി നല്കി നടി ഹണി റോസ്
കൊച്ചി: പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ സിനിമാ നടി ഹണി റോസ് പരാതി നല്കി. തനിക്കെതിരേ സ്ഥിരമായി അശ്ലീല ആക്ഷേപങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ചാണ് സെന്‍ട്രല്‍ പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്.
''ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു''-ഹണി റോസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഇന്നു രാവിലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണ്‍ പുട്ട വിമലാദിത്യയുമായി നടി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ മുപ്പതു പേര്‍ക്കെതിരേ നല്കിയ പരാതിയില്‍ മൊഴി നല്കാന് എത്തിയപ്പോഴാണ് ഇത്. പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെയും പരാതി നല്‍കിയത്.
നാലു മാസം മുന്‍പ് നടന്ന ഒരു ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് വ്യവസായിയുടെ പേര് പരാമര്‍ശിക്കാതെ തന്നെ ഹണി റോസ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റില്‍ കമന്റിട്ട 30 പേര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം നടി പരാതി നല്‍കിയത്. ഇതില്‍ കുമ്പളം സ്വദേശിയായ ഒരു യുവാവിനെ പോലിസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.ഇപ്പോള്‍ 31 പേര്‍ക്കെതിരെയാണ് ഹണി റോസ് പരാതി നല്‍കിയിരിക്കുന്നത്.