അസം ഖനിയിലെ അപകടം: എട്ട് പേരെ രക്ഷപ്പെടുത്താന്‍ ഊര്‍ജിതശ്രമം

Update: 2025-01-08 11:30 GMT

ന്യൂഡല്‍ഹി: അസമിലെ ദിമ ഹസാവോ ജില്ലയിലെ ഉമറാങ്സോയിലുള്ള കല്‍ക്കരി ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റു തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. രണ്ടു ദിവസങ്ങള്‍ക്കുമുന്‍പാണ് വെള്ളം കയറി ഒന്‍പതു തൊഴിലാളികള്‍ ഖനിക്കുള്ളില്‍ കുടുങ്ങിയത്. നാവികസേനയും, സൈന്യവും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് അംഗങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

കല്‍ക്കരി ഖനിയില്‍ വെള്ളം കയറി തൊഴിലാളികള്‍ കുടുങ്ങിയ സംഭവത്തില്‍ ഒരാളുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. ഗംഗ ബഹാദുര്‍ ശ്രേഷ്‌തോ എന്ന തൊഴിലാളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഹുസൈന്‍ അലി, ജാക്കിര്‍ ഹുസൈന്‍, സര്‍പ ബര്‍മാന്‍, മുസ്തഫ ശെയ്ഖ്, ഖുഷി മോഹന്‍ റായ്, സന്‍ജിത് സര്‍ക്കാര്‍, ലിജാന്‍ മഗര്‍, സരത് ഗോയറി എന്നിവരാണ് 340 അടി താഴ്ചയുള്ള ഖനിയില്‍ കുടുങ്ങിയ മറ്റുള്ളവര്‍. അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഖനിയാണിതെന്നാണ് വ്യക്തമാകുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കേന്ദ്ര കല്‍ക്കരി മന്ത്രി ജി. കിഷന്‍ റെഡ്ഡിയുമായി സംസാരിച്ചിരുന്നുവെന്നും ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു. ''രക്ഷാപ്രവര്‍ത്തനത്തിനായി കോള്‍ ഇന്ത്യയില്‍നിന്നുള്ള സംഘം ഉടന്നെയെത്തും. രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ നടക്കുകയാണ്- ശര്‍മ അറിയിച്ചു.







Tags:    

Similar News