ഹിന്ദുത്വരുടെ ഭീഷണി; നഴ്‌സറി കുട്ടികള്‍ക്കുള്ള ഈദ് ആഘോഷം റദ്ദാക്കി സ്‌കൂള്‍

Update: 2025-03-25 16:05 GMT
ഹിന്ദുത്വരുടെ ഭീഷണി; നഴ്‌സറി കുട്ടികള്‍ക്കുള്ള ഈദ് ആഘോഷം റദ്ദാക്കി സ്‌കൂള്‍

ഷിംല: ഹിന്ദുത്വരുടെ ഭീഷണിയെ തുടര്‍ന്ന് ഈദ് ആഘോഷം റദ്ദാക്കി ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ സ്വകാര്യ സ്‌കൂള്‍. മാര്‍ച്ച് 28ന് സ്‌കൂളില്‍ നടക്കുന്ന ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ കുര്‍ത്തയും പൈജാമയും ധരിച്ച് വരണമെന്നും റൊട്ടിയും പനീറും ഡ്രൈ ഫ്രൂട്ട്‌സും കൊണ്ടുവരണമെന്നുമാണ് ഓക്ക്‌ലാന്‍ഡ് ഹൗസ് സ്‌കൂള്‍ പറഞ്ഞിരുന്നത്.

എന്നാല്‍, ആഘോഷത്തിനെതിരേ ദേവ് ഭൂമി സംഘര്‍ഷ സമിതി എന്ന ഹിന്ദുത്വ സംഘടന രംഗത്തെത്തി. ഈദ് ആഘോഷം ഒഴിവാക്കിയില്ലെങ്കില്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുമെന്നായിരുന്നു ഭീഷണി. ഈദ് ആഘോഷത്തിലൂടെ വിദ്യാര്‍ഥികളെ മുസ്‌ലിംകളാക്കാനാണ് ശ്രമമെന്നും സംഘടന ആരോപിച്ചു. സംഘര്‍ഷ സാധ്യത പരിഗണിച്ചാണ് ഈദ് ആഘോഷം ഒഴിവാക്കിയതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

'' രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം നഴ്‌സറി മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ അറിയിക്കാനായിരുന്നു ആഘോഷം നടത്താന്‍ തീരുമാനിച്ചത്. ഹോളിയും ദീപാവലിയും ക്രിസ്മസുമെല്ലാം സ്‌കൂളില്‍ ആഘോഷിക്കാറുണ്ട്. ചില വ്യക്തികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സ്‌കൂളിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയാണ്. കുട്ടികളുടെ സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കുന്നതിനാല്‍ ഈദ് ആഘോഷം റദ്ദാക്കുകയാണ്.''-സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Similar News