ഔറംഗസീബിനെ വില്ലനാക്കുന്ന 'ഛാവ' സിനിമ പാര്‍ലമെന്റിലും പ്രദര്‍ശിപ്പിക്കും; നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും സിനിമ കാണാനെത്തുമെന്ന് റിപോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമായ 'ഛാവ' സിനിമ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കും. മറാത്ത രാജാവായിരുന്ന ശിവാജിയുടെ മകനായ സംഭാജിയുടെ കഥ പറയുന്നു എന്ന പേരില്‍ മുഗള്‍ സാമ്രാജ്യത്തെയും ഔറംഗസീബിനെയും മോശമായി ചിത്രീകരിക്കുന്ന സിനിമയാണ് ഈ മാസം 27ന് പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു കേന്ദ്രമന്ത്രിമാരും സിനിമ കാണും.
ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകരും പാര്‍ലമെന്റിലെ ഈ പ്രത്യേക സ്‌ക്രീനിങ്ങിന്റെ ഭാഗമായേക്കുമെന്നും ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു. സംഭാജിയായി അഭിനയിച്ച നടന്‍ വിക്കി കൗശലും എത്തിയേക്കും. അടുത്തിടെ ഒരു ചടങ്ങില്‍വെച്ച് ചിത്രത്തെ മോദി പുകഴ്ത്തിയിരുന്നു. രാജ്യമെമ്പാടും 'ഛാവ' തരംഗം സൃഷ്ടിക്കുകയാണെന്നാണ് മോദി പറഞ്ഞത്. എന്നാല്‍, സിനിമയ്ക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ സംഘര്‍ഷമാണുണ്ടായത്. നാഗ്പൂരിലാണ് വലിയ സംഘര്‍ഷമുണ്ടായത്. കൂടാതെ സിനിമ കണ്ടവര്‍ മധ്യപ്രദേശിലെ ആസിര്‍ഘട്ടിലെ കോട്ടയില്‍ സ്വര്‍ണത്തിനായി കുഴികുത്തുകയുമുണ്ടായി.