മുല്ലപ്പെരിയാര്‍ അണക്കെട്ട്: ദേശീയ സുരക്ഷാ കമ്മിറ്റി രൂപീകരിക്കണമെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയസുരക്ഷാ കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോണി ജനറല്‍ നോട്ടീസ് കൈപ്പറ്റി.
2021ലെ അണക്കെട്ട് സുരക്ഷാ നിയമപ്രകാരം രൂപീകരിക്കണ്ട ദേശീയസുരക്ഷാ കമ്മിറ്റി ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അഡ്വ. മാത്യൂസ് നെടുമ്പാറ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. നിയമം പ്രാബല്യത്തില്‍ വന്നു രണ്ടു മാസത്തിനുള്ളില്‍ സമിതി രൂപീകരിക്കണമെന്നും പിന്നീട് മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ പുനസംഘടിപ്പിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍, അത്തരമൊരു ഒരു സമിതി ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് ഹരജിക്കാരന്‍ വാദിച്ചു.
എന്നാല്‍, തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണമൂര്‍ത്തി ഈ വാദത്തെ എതിര്‍ത്തു. 2024 നവംബര്‍ 21ന് കേന്ദ്ര ജലമന്ത്രാലയം ഇറക്കിയ ഉത്തരവ് പ്രകാരം അണക്കെട്ട് മേല്‍നോട്ട സമിതി പുനസംഘടിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ ചെയര്‍മാനാണ് ഈ സമിതിയുടെ മേധാവി. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് 2000ല്‍ തുടങ്ങിയ ഒരു കേസിലാണ് മേല്‍നോട്ടസമിതിയുണ്ടാക്കാന്‍ സുപ്രിംകോടതി വിധിച്ചിരുന്നത്. ഈ സമിതി മാത്രം മതിയെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം. തുടര്‍ന്നാണ് ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്.