പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം: സര്‍ക്കാരിന്റെയും പോലീസിന്റെയും അനങ്ങാപ്പാറ നയം പ്രതിഷേധാര്‍ഹം: ജോണ്‍സണ്‍ കണ്ടച്ചിറ

Update: 2025-01-09 12:24 GMT

തിരുവനന്തപുരം: പി സി ജോര്‍ജ് നടത്തിയ അങ്ങേയറ്റം വിദ്വേഷപരവും മതസ്പര്‍ദ്ദയും സംഘര്‍ഷങ്ങളും സൃഷ്ടിക്കാന്‍ കാരണമാകുന്നതുമായ പ്രസ്താവനയില്‍ സര്‍ക്കാരും പോലീസും തുടരുന്ന അനങ്ങാപ്പാറ നയം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. ബഹുസ്വര സമൂഹത്തില്‍ ഛിദ്രതയും സംഘര്‍ഷവും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് ജോര്‍ജിന്റെ നടപടി. നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ നിലയ്ക്കു നിര്‍ത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.

ഒരു സമൂഹത്തെ ഒന്നടങ്കം അടച്ചാക്ഷേപിക്കുകയും ദേശവിരുദ്ധരാക്കുകയും ചെയ്യുന്ന അത്യന്തം അപകടകരമായ പ്രസ്താവനയാണ് ജോര്‍ജ് നടത്തിയത്. വിദ്വേഷ പ്രസ്താവന നടത്തി മൂന്നു ദിവസം പിന്നിട്ടിട്ടും പരാതി നല്‍കിയിട്ടും പി സി ജോര്‍ജിനെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറാവാത്തത് ഖേദകരമാണ്. സംഘപരിവാര നേതാക്കള്‍ നിരന്തരം വിഷം വമിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്താറുണ്ടെങ്കിലും നിയമനടപടി എടുക്കുന്നതില്‍ ബിജെപി സര്‍ക്കാരിനേക്കാള്‍ അലംഭാവമാണ് ഇടതു സര്‍ക്കാര്‍ പുലര്‍ത്തുന്നത്. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരേ അന്ന് കേസെടുത്തിരുന്നെങ്കിലും ബിജെപി പാളയത്തിലെത്തിയതോടെ ആ കേസും ആവിയായി പോയിരിക്കുന്നു. സാമൂഹിക സംഘര്‍ഷത്തിന് നിരന്തരം ശ്രമിക്കുന്ന പി സി ജോര്‍ജിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar News