സിറിയയെ വെട്ടിമുറിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്ന് ഇസ്രായേലി മാധ്യമങ്ങള്‍
സിറിയയെ വെട്ടിമുറിക്കണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.
തെല്‍അവീവ്: സിറിയയെ വെട്ടിമുറിക്കാന്‍ ഇസ്രായേല്‍ പദ്ധതി തയ്യാറാക്കിയെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ വിവിധ വംശീയ ഗ്രൂപ്പുകളെ സംരക്ഷിക്കണമെന്ന പേരില്‍ സിറിയയെ വെട്ടിമുറിക്കണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്യുന്നു. സിറിയയില്‍ ബശ്ശാറുല്‍ അസദ് അധികാരത്തില്‍ നിന്നു പുറത്തുപോയ ശേഷമാണ് ഇസ്രായേല്‍ ഈ തീരുമാനം എടുത്തതെന്ന് ഇസ്രായേലി ഹയോം എന്ന ഹീബ്രു മാധ്യമവും റിപോര്‍ട്ട് ചെയ്തു. ഇസ്രായേലി ഊര്‍ജമന്ത്രി എലി കോഹനാണ് അന്താരാഷ്ട്ര സമ്മേളനം വിളിക്കാന്‍ നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഇസ്രായേലി മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായെന്നാണ് സൂചന. പുതിയ സിറിയയില്‍ തുര്‍ക്കിക്കുള്ള സ്വാധീനവും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. സിറിയയും ഇസ്രായേലും മുമ്പ് ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാര്‍ പുതിയകാലത്തും ഉറപ്പാക്കാന്‍ സിറിയയെ വെട്ടിമുറിക്കുന്നതാണ് നല്ലതെന്നാണ് ഇസ്രായേല്‍ കരുതുന്നുത്.
ബശ്ശാറുല്‍ അസദിനെ വിമതര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയ സമയം നോക്കി സിറിയയുടെ തെക്കന്‍ ഭാഗത്തെ 600 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇസ്രായേല്‍ കൈയ്യടക്കിയിട്ടുണ്ട്. പുതിയ സിറിയന്‍ സര്‍ക്കാര്‍ സ്ഥിരത കൈവരിക്കുന്നതിന് മുമ്പാണ് ഇസ്രായേല്‍ ഭൂമി തട്ടിയെടുത്തത്.