പി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ നടപടി വൈകുന്നത് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥ: മുഹമ്മദ് സിയാദ്
പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെതിരെ ജില്ലാ പോലിസ് മേധാവിക്ക് എസ്ഡിപിഐ പരാതി നല്‍കി.
കോട്ടയം: പി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ നടപടിയെടുക്കാന്‍ വൈകുന്നത് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയാണെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്. 2025 ജനുവരി 06ന് ജനം ടിവിയില്‍ നടത്തിയ ഡിബേറ്റ് പ്രോഗ്രാമില്‍ ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗത്തെ അധിക്ഷേപിച്ച് സംസാരിക്കുകയും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുവാന്‍ നടത്തിയ ആസൂത്രിത ശ്രമങ്ങള്‍ക്കെതിരെ എസ്ഡിപിഐയും യൂത്ത് ലീഗും മറ്റു വിവിധ സംഘടനകളും നല്‍കിയ പരാതിയില്‍ മേല്‍ പോലീസ് യാതൊരുവിധ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.
മതേതരത്വവും ജനാധിപത്യവും ഭരണഘടനയും നിലവിലുള്ള രാജ്യത്ത് ഒരു മതവിഭാഗം പാകിസ്താനിലേക്ക് പോകണമെന്നും മുസ്‌ലിംകള്‍ വര്‍ഗീയവാദികളാണെന്നും പറയുന്നത് സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള ആസൂത്രിത ശ്രമങ്ങളാണ്. ക്രിക്കറ്റ് മല്‍സരങ്ങളെ പോലും വര്‍ഗീയമായി ചിത്രീകരിക്കുകയാണ് പി സി ജോര്‍ജ് ചെയ്തിരിക്കുന്നത്.
സിനിമാ നടി നല്‍കിയ പരാതിയിലും ജനകീയ സമരങ്ങള്‍ നടത്തിയവര്‍ക്കെതിരെയും മണിക്കൂറുകള്‍ക്കകം നടപടി സ്വീകരിച്ച കേരള പോലിസ് കേരളത്തിന്റെ മതസൗഹാര്‍ദത്തെയും സാമൂഹിക അന്തരീക്ഷത്തെയും തകര്‍ക്കുവാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന പി സി ജോര്‍ജിനെതിരെ നടപടി സ്വീകരിക്കാന്‍ വൈകുന്നത് ആഭ്യന്തരവകുപ്പിന്റെ തികഞ്ഞ അനാസ്ഥയുടെ തുടര്‍ക്കഥയാണെന്നും മുഹമ്മദ് സിയാദ് പറഞ്ഞു.
പി സി ജോര്‍ജിനെതിരേ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെതിരെ ജില്ലാ പോലിസ് മേധാവിക്ക് എസ്ഡിപിഐ പരാതി നല്‍കിയിട്ടുണ്ട്. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ്, മണ്ഡലം പ്രസിഡന്റ് എം എസ് സിറാജ്, സെക്രട്ടറി ഷെഫീഖ് റസാഖ്, കമ്മിറ്റിയംഗം ആരിഫ് എന്നിവര്‍ എസ്.പി ഓഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്.