മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്:അതിവേഗ നടപടിയുമായി സര്‍ക്കാര്‍; ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്തു
സസ്‌പെന്‍ഡ് ചെയ്തു രണ്ടു മാസം പോലും തികയുന്നതിനു മുമ്പാണ് നടപടി.
തിരുവനന്തപുരം: മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായി വാട്‌സാപ് ഗ്രൂപ്പ് തുടങ്ങിയതിന് സസ്‌പെന്‍ഡ് ചെയ്ത കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെ സര്‍വീസില്‍ തിരിച്ചെടുത്തു. സസ്‌പെന്‍ഡ് ചെയ്തു രണ്ടു മാസം പോലും തികയുന്നതിനു മുമ്പാണ് നടപടി.വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണന്‍ 2024 ഒക്ടോബര്‍ 31നാണ് 'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' എന്ന പേരില്‍ വാട്ട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്. വ്യക്തിപരമായ പരാതികള്‍ വന്നതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നു പറഞ്ഞു ഗ്രൂപ്പില്‍ ചേര്‍ത്തവര്‍ക്ക് സന്ദേശം അയക്കുകയും ചെയ്തു. വിഷയം ചര്‍ച്ചയായി തുടങ്ങിയതോടെ തന്റെ ഫോണ്‍ ഹാക്ക് ചെയ്തവര്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്‌ലിം ഉദ്യോഗസ്ഥരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പും ഉണ്ടാക്കിയെന്ന സ്‌ക്രീന്‍ഷോട്ട് നവംബര്‍ മൂന്നിന് ഗോപാലകൃഷ്ണന്‍ പുറത്തുവിട്ടു. ഇതൊന്നും ആരും വിശ്വസിക്കാതെ വന്നതോടെ തൊട്ടടുത്ത ദിവസം ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതിന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എന്നാല്‍, ഫോണ്‍ പരിശോധനയ്ക്ക് നല്‍കാന്‍ വിസമ്മതിച്ചു. ഫയലുകള്‍ ഡിലീറ്റ് ചെയ്ത് അടുത്ത ദിവസമാണ് ഫോണ്‍ പോലിസിന് നല്‍കിയത്.
ഐഎഎസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട സംഭവമായതിനാല്‍ പോലിസ് ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും വാട്ട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍, ഫോണില്‍ ഹാക്കിങ് നടന്നിട്ടില്ലെന്നാണ് നവംബര്‍ ആറിന് മെറ്റ പോലിസിനെ അറിയിച്ചത്. തുടര്‍ന്ന് ഗോപാലകൃഷ്ണന്റെ രണ്ടാമത്തെ ഫോണും പോലിസ് ആവശ്യപ്പെട്ടു. ഈ ഫോണില്‍ ഹാക്കിങ് നടന്നിട്ടില്ലെന്നാണ് നവംബര്‍ ഏഴിന് ഗൂഗ്ള്‍ പോലിസിന് റിപോര്‍ട്ട് നല്‍കിയത്.
ഫോണുകള്‍ അത്യാധുനിക സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ഫോര്‍മാറ്റ് ചെയ്തതിനാല്‍ ഹാക്കിങ് സ്ഥിരീകരിക്കാനായില്ലെന്ന് നവംബര്‍ എട്ടിന് സൈബര്‍ ഫോറന്‍സിക് സംഘം പോലിസിനെ അറിയിച്ചു. ഇതെല്ലാം പരിശോധിച്ച ഡിജിപി ചീഫ്‌സെക്രട്ടറി ശാരദാ മുരളീധരന് ഒമ്പതാം തീയ്യതി റിപോര്‍ട്ട് നല്‍കി. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിച്ച സമയത്ത് ഫോണുകളെല്ലാം ഗോപാലകൃഷ്ണന്റെ കൈവശമായിരുന്നുവെന്നും ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു റിപോര്‍ട്ട്. വിഷയത്തില്‍ ഗോപാലകൃഷ്ണന്‍ നേരത്തെ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നു വ്യക്തമാക്കിയ ചീഫ്‌സെക്രട്ടറി പോലിസിന്റെ റിപോര്‍ട്ട് അടക്കം മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് ചെയ്തു. ഗോപാലകൃഷ്ണന് എതിരെ ഉചിതമായ നടപടിയുണ്ടാവുമെന്ന് വ്യവസായമന്ത്രി പി രാജീവ് ഇതിനിടെ പലതവണ ആവര്‍ത്തിക്കുകയും ചെയ്തു. ഇതോടെയാണ് നവംബര്‍ 11ന് ഗോപാലകൃഷ്ണനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍, സസ്‌പെന്‍ഷന്‍ രണ്ടുമാസം ആവുന്നതിന് മുമ്പുതന്നെ ഗോപാലകൃഷ്ണനെ തിരിച്ചെടുക്കുകയായിരുന്നു.