മാലിന്യം തള്ളാനെത്തിയവരെ ഓടിച്ചിട്ട് പിടിച്ച് നഗരസഭയിലെ വനിതാ ജീവനക്കാര്‍
കോട്ടയം: കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ കൈയോടെ പിടിച്ച് നഗരസഭയിലെ വനിതാ ജീവനക്കാരും കൗണ്‍സിലര്‍മാരും. പാറേച്ചാല്‍ ബൈപ്പാസിലാണ് സംഭവം. വ്യാഴാഴ്ച അതിരാവിലെ പാറേച്ചാല്‍ ഭാഗത്ത് മാലിന്യം തള്ളാന്‍ എത്തിയവരെയാണ് ഇവര്‍ പിന്തുടര്‍ന്ന് പിടി കൂടിയത്.
ബുധനാഴ്ച രാത്രി പരിശോധനയ്ക്ക് ഇറങ്ങിയ സ്‌ക്വാഡ് പാറേച്ചാല്‍ ഭാഗത്ത് സംശയാസ്പദമായ രീതിയില്‍ ടാങ്കര്‍ ലോറി കാണുകയായിരുന്നു. ആളുകളെ കണ്ടതും ഇറങ്ങിയോടിയ ഇവരെ പിറകെ ഓടിയാണ് പിടിച്ചത്. ചേര്‍ത്തല സ്വദേശികളാണ് പിടിയിലായവര്‍.
തിരുവാതുക്കല്‍ സോണ്‍ പബ്ളിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ് സിനി, ജനറല്‍ സോണ്‍ പബ്ളിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രശ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ വലയിലാക്കിയത്. തുടര്‍ന്ന് ഇവരെ പോലിസിന് കൈമാറി. വാഹനം വെസ്റ്റ് പോലിസ് സ്റ്റേഷനിലേക്ക് മാറ്റി.