'താനൂര്‍ തെയ്യാല റെയില്‍വേ ഗെയ്റ്റ് തുറക്കണം'; പ്രമേയം പാസാക്കി താനൂര്‍ നഗരസഭ
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി കെ സുബൈദ അവതരിപ്പിച്ച പ്രമേയത്തെ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ എം ബഷീര്‍ പിന്താങ്ങി. പ്രമേയം നഗരസഭ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന പാസാക്കി.
താനൂര്‍: മേല്‍പ്പാല നിര്‍മാണത്തിനായി താത്കാലികമായി അടച്ച താനൂര്‍ തെയ്യാല റെയില്‍വേ ഗെയിറ്റ് ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ട് താനൂര്‍ നഗരസഭ പ്രമേയം പാസാക്കി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സി കെ സുബൈദ അവതരിപ്പിച്ച പ്രമേയത്തെ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ എം ബഷീര്‍ പിന്താങ്ങി. പ്രമേയം നഗരസഭ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന പാസാക്കി.
താനൂര്‍ നഗരത്തെ കിഴക്കന്‍ പ്രദേശവുമായി ബന്ധിപ്പിക്കുന്ന തെയ്യാല റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം ആരംഭിച്ചിട്ട് ആറ് മാസത്തിലധികമായി. മേല്‍പ്പാല നിര്‍മാണത്തിനായി 40 ദിവസത്തേക്ക് മാത്രമാണ് റെയില്‍വേ ഗെയിറ്റ് അടച്ചത്. നാല്‍പ്പത് ദിവസം കഴിഞ്ഞാല്‍ ചെറു വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഇതുമായി ബന്ധപ്പെട്ട് തിരൂര്‍ റവന്യു ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ ഈ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. അഞ്ചുമതല്‍ എട്ടു കിലോമീറ്റര്‍ വരെ ചുറ്റിവേണം പൊതുജനങ്ങള്‍ക്ക് നഗരത്തിലെത്താന്‍. താനൂര്‍ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്റര്‍, ഒട്ടുമ്പുറം ഹോമിയോ ഡിസ്‌പെന്‍സറി, താനൂര്‍ സിവില്‍സ്‌റ്റേഷന്‍, താനൂര്‍ നഗരസഭയിലെ വയോമിത്രം പദ്ധതിയിലെ ഗുണഭോക്താക്കളായ വൃദ്ധര്‍, രണ്ട് ഹയര്‍സക്കേന്‍ഡറി സ്‌കൂളിലെയും വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ഥികളും അധ്യാപകരും, താനൂര്‍ നഗരസഭ ഓഫിസ്, പരിയാപുരം താനൂര്‍ വില്ലേജ് ഓഫിസുകള്‍, മൃഗാശുപത്രി, ബ്ലോക്ക് ഓഫിസ്, ഫിഷറീസ് ഓഫിസ്, വിവിധ ബാങ്കുകള്‍ തുടങ്ങി വിവിധ ഓഫിസുകളിലേക്കും മറ്റും ദിനേനെ പോകേണ്ട സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കുന്നത് തുല്യതയില്ലാത്ത ബുദ്ധിമുട്ടുകളാണ്.
പൗരന്റെ യാത്രാ സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിലാണ് റെയില്‍വേ പെരുമാറുന്നത്. അതിനാല്‍ അടിയന്തിരമായി താനൂര്‍ തെയ്യാല റോഡ് റെയില്‍വേ ഗെയിറ്റ് തുറന്നു നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോടും റെയില്‍വെയോടും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ പിപി ഷംസുദ്ധീന്‍ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി. അലി അക്ബര്‍, കെ. ജയപ്രകാശ്,
കൗണ്‍സിലര്‍മാരായ റഷീദ് മോര്യ, പി. വി. നൗഷാദ്, മുസ്തഫ താനൂര്‍, സഫിയ ബഷീര്‍ നാരങ്ങാടന്‍, രാധിക ശശികുമാര്‍, ആബിദ് വിപി, നിസാം ഒട്ടുമ്പുറം, പി. ടി. അക്ബര്‍, ദിബീഷ് ചിറക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. കഴിഞ്ഞ ഡിസംബര്‍ 22ന് ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മേല്‍പ്പാല നിര്‍മ്മാണത്തിന് വേണ്ടി 40 ദിവസത്തേക്ക് താത്കാലികമായി ഗെയിറ്റ് അടക്കാന്‍ തീരുമാനിച്ചത്.