നെതന്യാഹു പട്ടിയുടെ മകനാണെന്ന് പറയുന്ന വീഡിയോ ഷെയര്‍ ചെയ്ത് ട്രംപ്

Update: 2025-01-09 15:42 GMT

വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പട്ടിയുടെ മകനാണെന്ന് പറയുന്ന വീഡിയോ ഷെയര്‍ ചെയ്ത് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നെതന്യാഹുവും താനും അടുത്ത സുഹൃത്തുക്കളാണെന്ന് പ്രസ്താവന നടത്തി ഏതാനും ദിവസത്തിന് ശേഷമാണ് നെതന്യാഹു പട്ടിയുടെ മകനാണെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ദനായ ജെഫ്‌റി സാഷ് പറയുന്ന വീഡിയോ ട്രംപ് ഷെയര്‍ ചെയ്തിരിക്കുന്നത്.

കൊളംബിയ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് ജെഫ്‌റി സാഷ് നെതന്യാഹുവിന്റെ തട്ടിപ്പുകളെ കുറിച്ച് പറയുന്നത്. യുഎസ് പശ്ചിമേഷ്യയില്‍ നടത്തുന്ന യുദ്ധങ്ങളെല്ലാം എവിടെ നിന്നാണ് വരുന്നത് എന്നറിയാമോ എന്ന് ജെഫ്‌റി ചോദിക്കുന്നു. നെതന്യാഹുവാണ് ഈ യുദ്ധങ്ങളെല്ലാം കൊണ്ടുവന്നത്. യുഎസ് വിദേശനയത്തെ സ്വാധീനിച്ച് പശ്ചിമേഷ്യയില്‍ അവസാനമില്ലാത്ത യുദ്ധമുണ്ടാക്കുകയാണ് നെതന്യാഹു ചെയ്യുന്നത്.


ജെഫ്‌റി സാഷ്

ഹമാസിനെയും ഹിസ്ബുല്ലയേയും അവര്‍ക്ക് പിന്തുണ നല്‍കുന്ന ഇറാഖ്, സിറിയ, ഇറാന്‍ സര്‍ക്കാരുകളെയും അട്ടിമറിക്കാന്‍ 1995 മുതല്‍ നെതന്യാഹു ശ്രമിക്കുന്നുണ്ട്. അതിലേക്ക് യുഎസിനെ കൂടി വലിച്ചിഴക്കുകയാണ്. ഇപ്പോള്‍ ഇറാനുമായി യുദ്ധമുണ്ടാക്കാനും നെതന്യാഹു ശ്രമിക്കുന്നു. യുഎസിനെ അവസാനിക്കാത്ത യുദ്ധങ്ങളിലേക്ക് വലിച്ചിഴച്ച നെതന്യാഹു യുഎസ് രാഷ്ട്രീയത്തില്‍ തനിക്കുള്ള സ്വാധീനം മൂലം രക്ഷപ്പെടുകയാണെന്നും ജെഫ്‌റി പ്രസംഗത്തില്‍ പറയുന്നു. യുഎസിലെ ഇസ്രായേല്‍ അനുകൂല ലോബി ഗ്രൂപ്പുകളെ കുറിച്ചും ജെഫ്‌റി സൂചന നല്‍കുന്നുണ്ട്.

യുഎസിലെ മുന്‍ സര്‍ക്കാരുകളുടെ നയങ്ങളെ വിമര്‍ശിക്കുന്ന പഴയ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്ന ശീലം ട്രംപിനുണ്ട്. എന്നാല്‍, ഈജിപ്തിന്റെയും ഖത്തറിന്റെയും യുഎസിന്റെയും മധ്യസ്ഥതയില്‍ ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച നടക്കുമ്പോള്‍ ഈ വീഡിയോ ഷെയര്‍ ചെയ്തതിന്റെ കാരണം വ്യക്തമല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Tags:    

Similar News