സൂറത്ത്(ഗുജറാത്ത്): പുലിയെ പിടിക്കാന്‍ സ്ഥാപിച്ച ഇരുമ്പൂകൂടിന്റെ കമ്പികള്‍ കടിച്ചുച്ചൊളിച്ച് പുള്ളിപ്പുലി രക്ഷപ്പെട്ടു. ഗുജറാത്തിലെ സൂറത്തിലെ മഹുവാ പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം. മഹുവാ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കെണിയില്‍ ബുധനാഴ്ചയാണ് പുള്ളിപ്പുലി കുടുങ്ങിയത്. വിവരമറിഞ്ഞ ഗ്രാമവാസികളും സമീപഗ്രാമങ്ങളിലെ നിവാസികളും ഇവിടെയെത്തി. ആളുകള്‍ കൂടി പുലിയുടെ ചിത്രങ്ങള്‍ എടുക്കുന്ന സമയത്താണ് പുലി കൂടിന്റെ കമ്പികള്‍ കടിച്ചുപൊളിച്ച് രക്ഷപ്പെട്ടത്. പ്രദേശത്തെ കരിമ്പിന്‍ തോട്ടത്തില്‍ പുലിയുണ്ടാവുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ നാട്ടുകാര്‍.
കൂടിന് ചുറ്റും കമ്പികളായിരുന്നുവെന്നും നിലത്ത് മരപ്പലകകള്‍ ആയിരുന്നുവെന്നും മഹുവ ഫോറസ്റ്റ് ഓഫിസര്‍ വര്‍ഷ ചൗധുരി പറഞ്ഞു. എന്നിട്ടും പലക തകര്‍ക്കാതെ കമ്പി പൊളിച്ച് പുലി രക്ഷപ്പെട്ടത് അല്‍ഭുദപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു. 69 ഗ്രാമങ്ങള്‍ അടങ്ങിയ ഈ താലൂക്കില്‍ 45 പുള്ളിപ്പുലികളുണ്ട്. തപി നദിയും കരിമ്പ് തോട്ടവും പുലികള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നു. പുലിയുടെ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ് ദിവസവും രണ്ടോ മൂന്നോ പരാതികള്‍ ലഭിക്കാറുണ്ടെന്നും കൂടുതല്‍ കൂടുകള്‍ നല്‍കാന്‍ വനംവകുപ്പ് ആസ്ഥാനത്തേക്ക് കത്തെഴുതിയതായും വര്‍ഷ ചൗധുരി കൂട്ടിച്ചേര്‍ത്തു.