മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരേ അഴിമതി ആരോപണം; മുന്‍ മുംബൈ പോലിസ് കമ്മീഷ്ണറുടെ പരാതിയില്‍ സുപ്രിംകോടതി ബുധനാഴ്ച വാദം കേള്‍ക്കും

Update: 2021-03-23 13:42 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരേ മുന്‍ മുംബൈ പോലിസ് കമ്മീഷ്ണര്‍ പരം ബീര്‍ സിങ്ങ് നല്‍കിയ പരാതിയില്‍ സുപ്രിംകോടതി ബുധനാഴ്ച വാദം കേള്‍ക്കും. അനില്‍ ദേശ്മുഖിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് സിങിന്റെ ആവശ്യം. ആഭ്യരമന്ത്രി ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന റാക്കറ്റിന്റെ ഭാഗമാണെന്നാണ് സിങ് ആരോപിക്കുന്നത്.

സുപ്രിംകോടതിയിലെ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗളും ആര്‍ സുഭാഷ് റെഡ്ഢിയും അംഗങ്ങളായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മുകേഷ് അംബാനിയുടെ വസതിക്കു സമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ കാറ് കണ്ടെടുത്ത സംഭവത്തില്‍ സിങ്ങിനെ മുംബൈ പോലിസ് കമ്മീഷ്ണര്‍ പദവിയില്‍ നിന്ന് ഹോംഗാര്‍ഡിന്റെ ചുമതലക്കാരനെന്ന താരതമ്യേന ഗൗരവം കുറഞ്ഞ തസ്തികയിലേക്ക് മാറ്റിയിരുന്നു. തന്റെ സ്ഥലംമാറ്റം താന്‍ ദേശ്മുഖിനെതിരേ ഉന്നയിച്ച ആരോപണങ്ങളോടുള്ള മറുപടിയാണെന്ന് സിങ് പരാതിയില്‍ പറയുന്നു.

അംബാനിയുടെ വീട്ടിനടുത്തുനിന്ന് സ്‌ഫോടക വസ്തു നിറച്ച കാറ് പിടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ അസി. പോലിസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയുമായി ആഭ്യന്തര മന്ത്രി കൂടിയാലോചന നടത്തിയിരുന്നുവെന്നും പ്രതിമാസം നൂറ് കോടി രൂപ ശേഖരിക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയെന്നുമാണ് പരം ബീര്‍ ആരോപിച്ചത്. അതില്‍ 40-50 കോടി രൂപ 1,750 ബാറുകളില്‍ നിന്നും റസ്‌റ്റോറന്റുകളില്‍നിന്നുമാണ് ശേഖരിക്കാന്‍ നിര്‍ദേശിച്ചത്.

Tags:    

Similar News