മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരേ ഗുരുതരമായ ആരോപണം; അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതയില്‍ ഹരജി
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും മുന്‍ മുംബൈ പോലിസ് കമ്മീഷണര്‍ പരം ബിര്‍ സിങ്ങിനുമെതിരേയുള്ള ആരോപണങ്ങള്‍ സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യവുമായി മുംബൈ സ്വദേശിനിയായ അഭിഭാഷക മുംബൈ ഹൈക്കോടതിയെ സമീപിച്ചു.
അഭിഭാഷകയായ ജെയ്ശ്രീ ലക്ഷ്മണ റാവു പാട്ടീലാണ് ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച ഹരജി സമര്‍പ്പിച്ചത്. മലബാര്‍ ഹില്‍ പോലിസില്‍ എഴുതി നല്‍കിയ പരാതി അന്വേഷിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് പരം ബീര്‍ സിങ്ങ് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള ഗൂഢാലോചന നടന്ന സ്ഥലങ്ങളുടെ സിസിടിവി ഫൂട്ടേജുകള്‍ നഷ്ടപ്പെടുത്താതെ ഉടന്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
മുംബൈ പോലിസ് കമ്മീഷണറായിരുന്ന പരം ബീര്‍ സിങ്ങിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് മൂന്ന് ദിവസത്തിനുശേഷമാണ് അദ്ദേഹം ആഭ്യന്തര മന്ത്രിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പിന്നീട് അംബാനിയുടെ വീട്ടിനടുത്തുനിന്ന് സ്‌ഫോടക വസ്തു നിറച്ച കാറ് പിടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ അസി. പോലിസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയുമായി ആഭ്യന്തര മന്ത്രി കൂടിയാലോചന നടത്തിയിരുന്നുവെന്നും പ്രതിമാസം നൂറ് കോടി രൂപ ശേഖരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയെന്നുമാണ് പരം ബീര്‍ ആരോപിച്ചത്. അതില്‍ 40-50 കോടി രൂപ 1,750 ബാറുകളില്‍ നിന്നും റസ്റ്റോറന്റുകളില്‍നിന്നുമാണ് ശേഖരിക്കാന്‍ നിര്‍ദേശിച്ചത്.
സ്‌ഫോടകവസ്തു നിറച്ച കാറ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരം ബീറിനെ ഹോംഗാര്‍ഡിലേക്ക് സ്ഥലം മാറ്റിയത്. ഇതിനെതിരേ അദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം പരം ബീറിന്റെ കത്തില്‍ ആന്റിലയ്ക്കു സമീപത്തുനിന്ന് സ്‌ഫോടകവസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പരാമര്‍ശങ്ങളില്ലെങ്കിലും മുംബൈ പോലിസില്‍ ഇടപെടല്‍ നടത്തിയിരുന്ന ആഭ്യന്തര മന്ത്രിയെ ചെറുത്തതിന്റെ വിലയാണ് താന്‍ നല്‍കുന്നതെന്ന് സൂചിപ്പിച്ചിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരം ബീര്‍ സിങ്ങ് സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.
തന്റെ അധികാരം ഉപയോഗപ്പെടുത്തി ദേശ്മുഖ് വ്യവസായികളില്‍ നിന്ന് പണം തട്ടിയെന്നാണ് മറ്റൊരു ആരോപണം. മുംബൈ പോലിസിന്റെ തലവനെന്ന നിലയില്‍ സിങ് വലിയ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അതിനു മുകളില്‍ നിസ്സംഗനായി ഇരിക്കുകയായിരുന്നുവെന്നും അതിനെതിരേ ചെറുവിരലനക്കിയെന്നും ഹരജിക്കാരി ആരോപിക്കുന്നു. മലബാര്‍ ഹില്‍ പോലിസില്‍ താന്‍ നല്‍കിയ ഇതുസംബന്ധിച്ച പരാതി അന്വേഷിക്കാനോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ പോലിസ് തയ്യാറായില്ലെന്നും ഹരജിയില്‍ പറയുന്നു.