കല്‍പ്പറ്റ പോലിസ് സ്റ്റേഷനില്‍ ആദിവാസി ബാലന്‍ മരിച്ച സംഭവം; സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയെ സമീപിച്ച് മാതാവ്

കൊച്ചി: കല്‍പ്പറ്റ പോലിസ് സ്റ്റേഷനില്‍ ആദിവാസി ബാലനായ ഗോകുല്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഓമന. ഇതുമായി ബന്ധപ്പെട്ട് അവര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.
കഴിഞ്ഞ ആഴ്ചയാണ് അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയായ ആദിവാസി യുവാവ് ഗോകുലിനെ സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസ് പതിവായി ഗോകുലിനെ ഭീഷണിപ്പെടുത്തിയിരുന്നതായി ഗോകുലിന്റെ ബന്ധുക്കള്‍ പറയുന്നു. ഗോകുലിന് പ്രായപൂര്‍ത്തിയായില്ലെന്നും റിപോര്‍ട്ട് വന്നിരുന്നു.
ആദിവാസി പെണ്‍കുട്ടിയെ കാണാതായതാണ് സംഭവങ്ങളുടെ തുടക്കം. ഈ പെണ്‍കുട്ടിയെ പിന്നീട് കോഴിക്കോട് നിന്ന് ഗോകുലിനൊപ്പം കണ്ടെത്തിയിരുന്നു. രാത്രി പതിനൊന്നരയോടെ ഇരുവരെയും കല്‍പ്പറ്റ പോലിസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ തന്നെ കുടുംബവുമായി ബന്ധപ്പെട്ടെന്നും എന്നാല്‍ രാവിലെ എട്ടുമണിയോടെ ശുചിമുറിയിലേക്ക് പോയ ഗോകുല്‍ മരിക്കുകയായിരുന്നെന്നുമാണ് സംഭവത്തില്‍ പോലിസ് നല്‍കിയ വിശദീകരണം.