ഫൈസ് അഹമ്മദ് ഫൈസിന്റെ കവിത ഇന്ത്യാ വിരുദ്ധമല്ല: ബിജെപിയെ കടന്നാക്രമിച്ച് ശിവസേന
മതഭ്രാന്തന്‍മാര്‍ ഫൈസിനെ ഇന്ത്യാ വിരുദ്ധനായി മുദ്രകുത്തിയെന്നും ബിജെപി അത്തരമൊരു സംസ്‌കാരം വളര്‍ത്തി കൊണ്ടുവരികയാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. ഫൈസിന്റെ ഹം ദേകേംഗേ എന്ന കവിത സമരത്തില്‍ ഐക്കണുകളിലൊന്നായി മാറിയിരുന്നു.
മുംബൈ: പൗരത്വ നിയമ പ്രതിഷേധങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറിയ പാക് കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയ്ക്കു പിന്തുണയുമായി ശിവസേന. പ്രതിഷേധിക്കുന്നവരെ കേന്ദ്ര സര്‍ക്കാര്‍ രാജ്യദ്രോഹികളാക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി. സാമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്താണ് ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരേ കടന്നാക്രമണം നടത്തിയത്.
മതഭ്രാന്തന്‍മാര്‍ ഫൈസിനെ ഇന്ത്യാ വിരുദ്ധനായി മുദ്രകുത്തിയെന്നും ബിജെപി അത്തരമൊരു സംസ്‌കാരം വളര്‍ത്തി കൊണ്ടുവരികയാണെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. ഫൈസിന്റെ ഹം ദേകേംഗേ എന്ന കവിത സമരത്തില്‍ ഐക്കണുകളിലൊന്നായി മാറിയിരുന്നു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്ന രീതി മുമ്പ് റഷ്യയിലും ഇറാഖിലും ചൈനയിലും ഹിറ്റ്‌ലറുടെ ജര്‍മനിയിലും ഉണ്ടായിരുന്നു. ഇന്ത്യയില്‍ എപ്പോഴും വിപ്ലവ സാഹിത്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. സവര്‍ക്കറുടെ സാഹിത്യം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ബ്രിട്ടീഷുകാര്‍ നശിപ്പിച്ചിട്ടുണ്ട്. അന്നത്തെ കാലത്ത് നടന്ന കാര്യങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും റാവത്ത് പറഞ്ഞു.
മുമ്പ് റഷ്യയില്‍ രാഷ്ട്രീയ എതിരാളികളെ വിപ്ലവത്തിന്റെ ശത്രുക്കളായി മുദ്രകുത്തി ജയിലില്‍ അടച്ചിരുന്നു. ചൈനയിലും ഇത് ആവര്‍ത്തിച്ചു. ഇന്ന് നമ്മുടെ രാജ്യത്ത് സര്‍ക്കാരിനെതിരെ പറയുന്നവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുകയാണ്. ഫൈസിനെ രാജ്യദ്രോഹിയാക്കിയത് ബിജെപിയാണെന്നും റാവത്ത് കുറ്റപ്പെടുത്തി. ഫൈസ് പാക് സൈന്യത്തിന്റെ ശത്രുവാണ്. അങ്ങനെയുള്ള ഒരാളെ ബിജെപി ഇന്ത്യാ വിരുദ്ധനാക്കിയിരിക്കുകയാണ്. മരിക്കുംവരെ പാകിസ്താന്‍ സൈന്യത്തെ എതിര്‍ത്തയാളാണ് ഫൈസ്.രാജ്യത്തുള്ള ഒരു പ്രത്യേക വിഭാഗം അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ദീപിക പദുക്കോണിനെ പോലുള്ള ഒരു നടിയെ പോലും അവര്‍ രാജ്യദ്രോഹികളാക്കിയെന്നും റാവത്ത് കുറ്റപ്പെടുത്തി.