മഹാരാഷ്ട്ര: എന്‍സിപി മന്ത്രിക്കെതിരേയുളള ബലാല്‍സംഗ ആരോപണം ഗുരുതരമെന്ന് ശരത് പവാര്‍
മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയിലെ എന്‍സിപി മന്ത്രിക്കെതിരേയുള്ള ബലാല്‍സംഗ ആരോപണം ഗുരുതരമാണെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. വിഷയം പാര്‍ട്ടി പരിശോധിക്കുമെന്നും അതിനനുസരിച്ചായിരിക്കും തീരുമാനമെന്നും പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
''മന്ത്രിക്കെതിരേയുളള ആരോപണം ഗുരുതരമാണ്. സ്വാഭാവികമായും പാര്‍ട്ടിയ്ക്കുള്ളില്‍ അത് ചര്‍ച്ച ചെയ്യും. എല്ലാ വിശദാംശങ്ങളും ചര്‍ച്ചയ്‌ക്കെടുക്കും''- പാര്‍ട്ടി പ്രസിഡന്റ് കൂടിയായ ശരത് പവാര്‍ പറഞ്ഞു.
അതേസമയം ആരോപണവിധേയനായ മന്ത്രി ധനഞ്ജയ് മുണ്ടെ എല്ലാ ആരോപണവും തള്ളി. ആരോപണം തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനുവേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ബലാല്‍സംഗ ആരോപണം പുറത്തുവന്ന സാഹചര്യത്തില്‍ ബിജെപി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.
മുണ്ടെ കഴിഞ്ഞ ദിവസം പവാറുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. തീരുമാനം വിശദമായ ചര്‍ച്ചയ്ക്കു ശേഷം കൈക്കൊള്ളുമെന്ന് പവാര്‍ വ്യക്തമാക്കി.
2013 ലാണ് മുണ്ടെ ബിജെപിയില്‍ നിന്ന് എന്‍സിപിയിലേക്ക് മാറിയത്.
തനിക്ക് ആരോപണമുന്നയിച്ച സ്ത്രീയുടെ സഹോദരിയുമായി ബന്ധമുണ്ടെന്നും അതില്‍ മക്കളുണ്ടെന്നും മന്ത്രി പറയുന്നു. ഇക്കാര്യ ഭാര്യയ്ക്കും കുടുംബത്തിനും അറിയാം. കുടുംബത്തിന്റെ അംഗീകാരവുമുണ്ട്. എന്നാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് അവരുടെ സഹോദരി ഇത്തരം ആരോപണങ്ങളുമായി വന്നിരിക്കുന്നതെന്നാണ് മന്ത്രിയുടെ ആരോപണം. ഇതിനെതിരേ താന്‍ പോലിസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
2006 മുതല്‍ മന്ത്രി തന്നെ ബലാല്‍സംഗം ചെയ്യുകയാണെന്നാണ് ആരോപണവുമായി വന്ന 37 വയസ്സുകാരി പറയുന്നത്. ബലാല്‍സംഗത്തിന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പോലിസ് അത് സ്വീകരിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനോട് ഇവര്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു.