മഹാത്മാ അയ്യങ്കാളി: അധികാര വഴിയിലൂടെ വില്ലുവണ്ടി തെളിച്ച പരിഷ്‌കര്‍ത്താവ്
തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയായിരുന്നു.
കോഴിക്കോട്: സവര്‍ണര്‍ കൈയ്യടക്കി വെച്ചിരുന്ന അധികാരത്തിന്റെ വഴികളിലൂടെ അവകാശബോധത്തിന്റെ വില്ലുവണ്ടി ഓടിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവ് മഹാത്മാ അയ്യങ്കാളിക്ക് ഇന്ന് 157ാം ജന്മദിനം. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് മാത്രം വാഹനത്തില്‍ സഞ്ചരിക്കാന്‍ അവകാശമുണ്ടായിരുന്ന വഴിയിലൂടെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക പ്രക്ഷോഭമായിരുന്നു വില്ലുവണ്ടി സമരം. 1893 ജൂലൈ 9ന് ഇരട്ടക്കാളകള്‍ വലിച്ചിരുന്ന അലങ്കരിച്ച വില്ലുവണ്ടിയില്‍ തലപ്പാവണിഞ്ഞ് തിരുവനന്തപുരം വെങ്ങാനൂരില്‍ നിന്ന് ബാലരാമപുരം ആറാലുംമൂട് വഴി പുത്തന്‍കടവ് ചന്തയിലേക്ക് അയ്യങ്കാളി യാത്ര ചെയ്തത് ചരിത്രത്തോടൊപ്പം ചേര്‍ന്നായിരുന്നു. ഇതാണ് പില്‍ക്കാലത്ത് കേരള ചരിത്രത്തിലെ വില്ലുവണ്ടി സമരം എന്ന് അറിയപ്പെട്ടത്. പൊതുവഴിയിലൂടെ ചക്രത്തില്‍ ഓടുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് എല്ലാ വിഭാഗക്കാര്‍ക്കും അവകാശങ്ങള്‍ നല്‍കിയിരുന്നെങ്കിലും ജാതിത്തമ്പുരാക്കന്‍മാര്‍ ഇത് അനുവദിച്ചിരുന്നില്ല. അതിനെതിരെയായിരുന്നു അയ്യങ്കാളിയുടെ വില്ലവണ്ടി സമരം.
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ പെരുങ്കാറ്റു വിളയിലെ പുലയ കുടുംബമായ പ്ലാവറ വീട്ടില്‍ 1863 ഓഗസ്റ്റ് 28ന് അയ്യന്‍-മാല ദമ്പതികളുടെ മകനായാണ് അയ്യങ്കാളി ജനിച്ചത്. പുലയ സമുദായം എല്ലാതരത്തിലും സമൂഹത്തില്‍ ബഹിഷ്‌കൃതരായിരുന്ന അക്കാലത്ത് വഴി നടക്കാന്‍ പോലും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. പാടത്തു പണിയെടുത്തു വരുമ്പോള്‍ മണ്ണില്‍ കുഴികുത്തി അതില്‍ ഇലവച്ചായിരുന്നു ഇവര്‍ക്കു ഭക്ഷണം നല്‍കിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധഃസ്ഥിതര്‍ രോഗബാധിതരായാല്‍ വൈദ്യന്‍മാര്‍ തൊട്ടുപരിശോധിക്കില്ല, മരുന്ന് എറിഞ്ഞുകൊടുക്കുകയാണ് ചെയ്തിരുന്നത്.അരക്കു മുകളിലും മുട്ടിനു താഴെയും ഇവര്‍ക്ക് വസ്ത്രം ധരിക്കാനും അവകാശമില്ലായിരുന്നു.
ജന്മികളെ കായികമായി നേരിടാന്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കിയാണ് അയ്യങ്കാളി സാമൂഹിക തിന്മകള്‍ക്കെതിരെ രംഗത്തുവന്നത്. 1898-99 കാലഘട്ടങ്ങളില്‍ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയ്യങ്കാളിയുടെ സംഘം ജന്മികളുമായി ഏറ്റുമുട്ടി.
തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയായിരുന്നു. പണിക്കിറങ്ങാതിരുന്ന തൊഴിലാളികളെ കൃഷിഭൂമി തരിശിച്ച് ജന്മികള്‍ നേരിട്ടു. ഇതോടെ തൊഴിലാളികള്‍ ദുരിതക്കയത്തിലായെങ്കിലും സമരത്തില്‍നിന്ന് പിന്മാറിയില്ല. ഒടുവില്‍ 1905 കാലഘട്ടത്തില്‍ അടിയറവ് പറഞ്ഞ ജന്മികള്‍ കര്‍ഷകത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു.
മാന്യമായി വസ്ത്രം ധരിക്കാന്‍ വേണ്ടി സമരത്തിനിറങ്ങേണ്ടി വന്ന ചരിത്രമാണ് കേരളത്തിലെ പുലയ വിഭാഗത്തിനുള്ളത്. അതിന നേതൃത്വം നല്‍കിയതും അയ്യങ്കാളിയായിരുന്നു. തന്റെ ജാതിയിലുള്ള സ്ത്രീകള്‍ മുലക്കച്ചയണിഞ്ഞു നടക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലയും മാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള സവര്‍ണ കല്‍പ്പനകളെ തള്ളിക്കളയാനും അദ്ദേഹം സ്വസമുദായത്തെ ഉല്‍ബോധിപ്പിച്ചു. മാറു മറച്ചവരെ സവര്‍ണ്ണ പ്രമാണിമാര്‍ ക്രൂരമായി അക്രമിച്ചു. അയ്യങ്കാളി പക്ഷക്കരും ജന്മികളും പലയിടത്തും ഏറ്റുമുട്ടി. ഒടുവില്‍ 1915-ല്‍ കൊല്ലം പീരങ്കി മൈതാനത്ത് നടന്ന ചരിത്രപ്രസിദ്ധമായ മഹാസഭയില്‍വച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും ഉപേക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്.
പിന്നോക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കിയത് മഹാത്മാ അയ്യങ്കാളിയാണ്. 1904-ല്‍ വെങ്ങാനൂരില്‍ തന്റെ കൂട്ടാളികളുമായി ചേര്‍ന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിര്‍മ്മിച്ചു. പക്ഷെ സവര്‍ണര്‍ അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടം തീയിട്ടു. അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാന്‍ അദ്ദേഹം തെരഞ്ഞടുത്ത വഴിയായിരുന്നു പില്‍ക്കാലത്തു കാര്‍ഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടല്‍ സമരം. 1907 -ല്‍ പുലയക്കുട്ടികള്‍ക്കു പള്ളിക്കൂടത്തില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായി. ദീര്‍ഘനാളത്തെ ഭൂമി തരിശിടല്‍ സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്.
ഉത്തരവുണ്ടായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. അനന്തര ഫലമായി അയിത്തജാതികളില്‍പ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതര്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു 1914-ല്‍ വിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവിന്റെ പിന്‍ബലത്തില്‍ തെന്നൂര്‍കോണത്ത് പൂജാരി അയ്യന്‍ എന്നയാളുടെ എട്ടു വയസുള്ള മകള്‍ പഞ്ചമിയെയും കൂട്ടി അയ്യങ്കാളിയും സംഘവും നെയ്യാറ്റിന്‍കര താലൂക്കിലെ ഊരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തില്‍ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചില്‍ കൊണ്ടിരുത്തി.
പഞ്ചമിയെന്ന പുലയപ്പെണ്‍കുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് ഉയര്‍ന്ന ജാതിക്കാര്‍ അതിനോട് പ്രതികരിച്ചത്. ഇത്തരമൊരുഘട്ടത്തിലാണ് അയിത്തജാതിക്കാര്‍ക്കായി പ്രത്യേക പള്ളിക്കൂടം എന്നൊരാശയം അയ്യങ്കാളിക്ക് തോന്നിയത്. അദ്ദേഹം ഇക്കാര്യത്തിന് പ്രാമുഖ്യം നല്‍കികൊണ്ട് നിവേദനം തയ്യാറാക്കുകയും മിച്ചല്‍ സായിപ്പിനെ നേരില്‍ കണ്ടു കാര്യം ബോധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 1905-ല്‍ അയ്യങ്കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇപ്രകാരം സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്.