സ്വകാര്യ സൈന്യം, വിമാനങ്ങള്‍, 300 കാറുകള്‍, അതിര്‍ത്തിക്കപ്പുറം ബിസിനസ് സാമ്രാജ്യം; ഇതാണ് മലേസ്യയുടെ പുതിയ രാജാവ്

റിയല്‍ എസ്‌റ്റേറ്റ്, ഖനനം, ടെലികമ്മ്യൂണിക്കേഷന്‍സ്, പാം ഓയില്‍ തുടങ്ങിയ മേഖലകളില്‍ നിരവധി സംരംഭങ്ങളുണ്ട് സുല്‍ത്താന്.

Update: 2024-02-01 12:52 GMT

ക്വാലാലംപൂര്‍: മലേസ്യന്‍ രാജാവിന്റെ സിംഹാസനത്തില്‍ ഇരിക്കാന്‍ ഒരുങ്ങുകയാണ് 65കാരനായ ജോഹര്‍ സുല്‍ത്താന്‍ ഇബ്രാഹീം ഇസ്‌കന്ദര്‍. 300 കാറുകളും വിമാനങ്ങളും സ്വന്തമായി സ്വകാര്യ സേനയുമെല്ലാമുണ്ട് ജോഹര്‍ സുല്‍ത്താന്. 5.7 ബില്യണ്‍ ഡോളറിന്റെ സമ്പത്തുള്ള സുല്‍ത്താന് രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഒരു സാമ്രാജ്യം തന്നെ സ്വന്തമായുണ്ട്. റിയല്‍ എസ്‌റ്റേറ്റ്, ഖനനം, ടെലികമ്മ്യൂണിക്കേഷന്‍സ്, പാം ഓയില്‍ തുടങ്ങി നിരവധി സംരംഭങ്ങളുമുണ്ട്. ഔദ്യോഗിക വസതിയായ ഇസ്താന ബുക്കിറ്റ് സെറീന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അളവറ്റ സമ്പത്തിന്റെ തെളിവാണ്. അഡോള്‍ഫ് ഹിറ്റ്‌ലര്‍ സമ്മാനിച്ചതായി കരുതപ്പെടുന്നത് ഉള്‍പ്പെടെ 300ലധികം ആഡംബര കാറുകളുണ്ട്. സ്വര്‍ണ, നീല നിറങ്ങളിലുള്ള ബോയിങ് 737 ഉള്‍പ്പെടെയുള്ള സ്വകാര്യ ജെറ്റുകളുണ്ട്. മലേസ്യയിലെ പ്രമുഖ സെല്‍ സേവന ദാതാക്കളില്‍ ഒന്നായ യു മൊബൈലിന്റെ 24 ശതമാനം ഓഹരി അദ്ദേഹത്തിന്റെ കൈവശമാണ്. സ്വകാര്യ, പൊതു കമ്പനികളില്‍ 588 മില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപവും അദ്ദേഹത്തിനുണ്ട്.

    സിംഗപ്പൂരില്‍ ബൊട്ടാണിക് ഗാര്‍ഡനോട് ചേര്‍ന്നുള്ള വിശാലമായ ടൈര്‍സാല്‍ പാര്‍ക്ക് ഉള്‍പ്പെടെ 4 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഭൂമി സുല്‍ത്താന്‍ സ്വന്തമാക്കി. ഷെയര്‍, റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുമുണ്ട്. ബ്ലൂംബെര്‍ഗിന്റെ കണക്ക് പ്രകാരം 5.7 ബില്യണ്‍ ഡോളറാണ് സുല്‍ത്താന്റെ സമ്പത്ത്. എന്നാല്‍ ഇതിലും എത്രയോ കൂടുതലാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സമ്പത്തെന്ന് കരുതപ്പെടുന്നു. സംയുക്ത സംരംഭങ്ങളിലൂടെ ഇതിനകം നിരവധി തൊഴിലവസരങ്ങള്‍ മലേസ്യക്കാര്‍ക്കായി സൃഷ്ടിക്കാന്‍ സുല്‍ത്താന് കഴിഞ്ഞു. സിംഗപ്പൂര്‍ ഭരണ നേതൃത്വവുമായുള്ള സുല്‍ത്താന്റെ അടുത്ത ബന്ധവും പ്രമുഖ ചൈനീസ് ഡെവലപ്പര്‍മാരുമായുള്ള വ്യാപാര ബന്ധങ്ങളും മലേസ്യയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സഹായകരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ബന്ധങ്ങള്‍ മലേസ്യയുടെ ആഭ്യന്തര, വിദേശ നയങ്ങളെ സ്വാധീനിച്ചേക്കും.

Tags:    

Similar News